അമരക്കുനിയിലെ വനംവകുപ്പ് കൂട്ടില്‍ കുടുങ്ങിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു

കടുവയെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ | Photo: Mathrubhumi
കടുവയെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ | Photo: Mathrubhumi

തിരുവനന്തപുരം: അമരക്കുനിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വനംവകുപ്പിന്റെ കുപ്പാടി വന്യമൃഗ പരിപാലന-സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കടുവയെയാണ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ചത്.  വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന കടുവയെ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിക്കുക.

ഒരാഴ്ച മുമ്പാണ് പുല്‍പള്ളി അമരക്കുനി തൂപ്രയില്‍വെച്ച വനംവകുപ്പിന്റെ കൂട്ടില്‍ എട്ടുവയസുള്ള പെണ്‍കടുവ കുടുങ്ങിയത്. മുന്നിലേയും പിന്നിലേയും കാലുകളില്‍ പരിക്കുള്ള കടുവയെ കുപ്പാടി നാലാംമൈലിലുള്ള വന്യമൃഗ പരിപാലന-സംരക്ഷണ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. പത്തുദിവസം അമരക്കുനി പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ പെണ്‍കടുവ അഞ്ച് ആടിനെയും കൊന്നിരുന്നു. കേരള വനംവകുപ്പിന്റെ ഡേറ്റാബേസില്‍ വിവരങ്ങളില്ലാതിരുന്ന കടുവയാണിത്.

അഞ്ച് കടുവകളെമാത്രം പരിപാലിക്കാന്‍ സൗകര്യമുള്ള കേന്ദ്രത്തില്‍ ഏഴ് കടുവകളുണ്ടായിരുന്നപ്പോഴാണ് അമരക്കുനി കടുവയും കൂട്ടിലായത്. ഇതോടെ ഇവയെ പരിപാലിക്കുന്നതും ചികിത്സ നല്‍കുന്നതും പ്രയാസമായതോടെയാണ് അമരക്കുനി കടുവയെയും 2023-ല്‍ കുപ്പാടിത്തറയില്‍ കൂട്ടിലായ പുതുശ്ശേരി കടുവയെയും തിരുവനന്തപുരത്തേക്ക് മാറ്റാന്‍ കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. 

ആര്‍.ആര്‍.ടി.യുടെ ആനിമല്‍ ആംബുലന്‍സായി ഉപയോഗിക്കുന്ന ലോറിയില്‍ മെഡിക്കല്‍ സംഘത്തിന്റെയും വനപാലകസംഘത്തിന്റെയും അകമ്പടിയോടെയാണ് അമരക്കുനി കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. മൂന്നാഴ്ച കടുവയെ ക്വാറന്റെയ്‌നില്‍ പാര്‍പ്പിക്കും. ആരോഗ്യപരിശോധന നടത്തിയശേഷം മുറിവിനുള്ള ചികിത്സ ആരംഭിക്കും.

Content Highlights: wayanad amarakkuni tiger