സ്ഥാനാർഥികളുടെ പാനലിൽ ആനന്ദിന്റെ പേരില്ല, എന്താണ് കാരണമെന്ന് കണ്ടുപിടിക്കട്ടെ- രാജീവ് ചന്ദ്രശേഖർ

#മാതൃഭൂമി ന്യൂസ്
ആനന്ദ്, രാജീവ് ചന്ദ്രശേഖർ
ആനന്ദ്, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജീവനൊടുക്കിയതിന്‌ പിന്നിൽ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ജില്ലാ അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്ന് ബിജെപി നേതാവ് വി.വി രാജേഷ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പെട്ടെന്ന് മുഖം ഓർമ്മ വരുന്നില്ല. മാധ്യമങ്ങളിൽ വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. പ്രാദേശിക പ്രവർത്തകൻ ആകണം. വ്യക്തിപരമായി തനിക്ക് ആനന്ദിനെ അറിയില്ല'- ബിജെപി നേതാവ് വി.വി. രാജേഷ് പറഞ്ഞു. സ്ഥാനാർഥി പട്ടിക വാർഡുകളിൽ നിന്ന് വന്നപ്പോൾ അത്തരത്തിൽ ഒരു പേരുള്ളതായി താൻ ഓർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ച ശേഷമായിരുന്നു തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവർത്തകനായ ആനന്ദ് ജീവനൊടുക്കിയത്. സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെ വീടിന്റെ പുറകിലെ ഷെഡിൽ തൂങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണൽ മാഫിയക്ക് നേതൃത്വം നൽകുന്നവരാണ് ആർഎസ്എസ് - ബിജെപി നേതൃത്വം എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റുമോ എന്നായിരുന്നു ബിജെപി നേതാവ് വി. മുരളീധരന്റെ ചോദ്യം. ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സങ്കടമുണ്ട്. പിന്നിൽ എന്താണ് എന്ന് കണ്ടുപിടിക്കാൻ ജില്ലാ പ്രസിഡന്റ് കരമന ജയനുമായി സംസാരിച്ചിട്ടുണ്ട്. വാർഡിൽ നിന്ന് വന്ന അഞ്ചുപേരുടെ പാനലിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല എന്നാണ് ജില്ലാ പ്രസിഡന്റ് പറഞ്ഞതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്നിൽ എന്താണ് എന്ന് കണ്ടുപിടിക്കട്ടെ. തങ്ങൾ അങ്ങനെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.