'ബിനാമിയല്ല, സൊസൈറ്റിയുമായി വിഎസ് ശിവകുമാറിന് ബന്ധമില്ല'; നിക്ഷേപകരുടെ ആരോപണം നിഷേധിച്ച് പ്രസിഡന്റ്

എം. രാജേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ | Photo: Scren grab/ Mathrubhumi News, Mathrubhumi
എം. രാജേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ | Photo: Scren grab/ Mathrubhumi News, Mathrubhumi

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവുകുമാറിന് തിരുവനന്തപരും ജില്ലാ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്ഫറേറ്റീവ് സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രന്‍. നിക്ഷേപകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ പ്രതിഷേധിച്ചത് എന്തിനാണെന്ന് തനിക്കറിയില്ല. ഉദ്ഘാടനത്തിന് വിളിച്ച അദ്ദേഹം വന്ന് അത് നിര്‍വഹിച്ചു തിരിച്ചുപോവുക മാത്രമായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു.

വി.എസ്. ശിവകുമാറിന്റെ പേര് പറഞ്ഞ് നിക്ഷേപകരെ ആകര്‍ഷിച്ചിട്ടില്ല. അദ്ദേഹത്തെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതിനുപിന്നില്‍ രാഷ്ട്രീയപരമായതോ വ്യക്തിപരമായതോ കാരണമുണ്ടാകാമെന്നും എം. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശിവകുമാറിന്റെ ബിനാമിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

12.5 കോടി നിക്ഷേപമുണ്ട്. അതില്‍ വായ്പയും ചിട്ടി ഇനത്തിലും 9.5 കോടി രൂപ വരാനുണ്ട്. ജപ്തിയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തയാവുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ പണം നല്‍കാം. രോഗികള്‍ക്കും വിവാഹ ആവശ്യത്തിന് പണം ആവശ്യമുള്ളവര്‍ക്കും നിക്ഷേപം തിരിച്ചുനല്‍കാനുള്ള പ്രത്യേക സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.


സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചെന്നും വി.എസ്.ശിവകുമാറിന്റെ ഉത്തരവാദിത്വത്തിലാണ് നിക്ഷേപം നടത്തിയതെന്നും ആരോപിച്ച് കഴിഞ്ഞദിവസം വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വസതിയിലേക്ക് പ്രതിഷേധവുമായി നിക്ഷേപകര്‍ എത്തിയിരുന്നു. വെള്ളായണി, വലിയതുറ, കിള്ളിപ്പാലം ശാഖകളാണ് സൊസൈറ്റിക്കുണ്ടായിരുന്നത്. ഇവിടങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് പണം നഷ്ടമായതായാണ് പരാതി. നിലവില്‍ വെള്ളായണിയിലേയും വലിയതുറയിലേയും ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ശിവകുമാറിന്റെ വിശ്വസ്തനാണെന്നു പറഞ്ഞാണ് രാജേന്ദ്രന്‍ തങ്ങളെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

ബന്ധമില്ല -ശിവകുമാര്‍

ഡി.സി.സി. പ്രസിഡന്റായിരിക്കേ 2006-ലാണ് സഹകരണ സംഘം ഉദ്ഘാടനം ചെയ്തതെന്ന് വി.എസ്. ശിവകുമാര്‍. ഡി.സി.സി. അംഗമായിരുന്നു ആ സമയം സംഘം പ്രസിഡന്റ്. പാര്‍ട്ടി ഭാരവാഹിയെന്ന നിലയില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും സൊസൈറ്റിയുമായി തനിക്കു ബന്ധമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. നിക്ഷേപകര്‍ എന്നവകാശപ്പെട്ട് ഒരുസംഘം ആളുകള്‍ താന്‍ വീട്ടിലില്ലാത്ത സമയത്ത് പരിസരത്ത് അതിക്രമിച്ചുകയറി. ഗൂഢാലോചനയുടെ ഭാഗമാണിതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.

സംഘത്തില്‍ അംഗംപോലുമല്ലാത്ത തന്നോട് നിക്ഷേപത്തെക്കുറിച്ചു സംസാരിച്ചത് എന്തിനാണെന്നു മനസ്സിലായില്ല. ചില തത്പരകക്ഷികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: vs sivakumar m rajendran thiruvananthapuram district un employees social welfare cooperative society