'കുറിക്ക് കൊള്ളുംവിധം പറയാൻ അറിയാം;' മുഖ്യമന്ത്രിക്കെതിരായ പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്

പി.സി ചാക്കോ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ/ മാതൃഭൂമി
പി.സി ചാക്കോ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന എൻ.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടർന്നാണ്  ചാക്കോയുടെ വിമർശനം. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ തനിക്കറിയാമെന്ന് പി.സി ചാക്കോ എൻസിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തിൽ പ്രസംഗിച്ചതിന്റെ  ശബ്ദസന്ദേശമാണ് പുറത്തുവന്നത്. 
ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു.

എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കുറേ നാളായി വലിയ തോതിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്.  നേരത്തെ അച്ചടക്കനടപടി നേരിട്ട മുൻ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തർക്കം കുറേക്കാലമായി രൂക്ഷമാണ്. സജിയെ പിന്തുണയ്ക്കുന്ന നിരവധി പേർ നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്‌ക്കെതിരേ വലിയ രീതിയിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.

മൂന്ന് ദിവസം മുൻപാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തിൽ വ്യക്തമായ മറുപടി തന്നിട്ടില്ല.

മന്ത്രിമാറ്റം ഉണ്ടാവണമെന്നും എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പി.സി ചാക്കോ വിഭാഗത്തിന്റെ നിലപാട്‌
 

Content Highlights: Voice Record of pc chacko against cheif minister out