വാടകനിശ്ചയിച്ചത് നഗരസഭ, ടോയ്‌ലറ്റ് ചിത്രംകാട്ടി അപവാദ പ്രചാരണം, ശബരിനാഥന് അസ്വസ്ഥത വേണ്ട -പ്രശാന്ത്

തിരുവനന്തപുരം: നഗരസഭ നിശ്ചയിച്ചുതന്ന വാടകയ്ക്കാണ് ശാസ്തമംഗലത്തെ ഓഫീസിൽ പ്രവർത്തിക്കുന്നതെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. ഒട്ടുമുക്കാൽ സമയവും ജനങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക്, ആ ഓഫീസ് തനിക്ക് അനിവാര്യമാണെന്നും അതിൽ ശബരിനാഥൻ ഉൾപ്പെടെയുള്ളവർ അസ്വസ്ഥത പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി ഇടപെടാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്ത് ഓഫീസ് തിരഞ്ഞെടുത്തത്. എംഎൽഎ ഹോസ്റ്റലിലേക്ക് വരുന്ന ഒരാൾക്ക് സെക്യൂരിറ്റിയെ കാണൽ, അനുവാദം വാങ്ങൽ, പടികൾ കയറൽ തുടങ്ങിയവയെല്ലാം കഴിഞ്ഞേ തന്നിലേക്കെത്താൻ കഴിയൂ. ദിനംപ്രതി നൂറോ നൂറ്റൻപതോ ആളുകളെയെങ്കിലും കണ്ട് അവരുടെ പ്രയാസങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്ന തനിക്ക് അതുകൊണ്ടുതന്നെ ശാസ്തമംഗലത്തെ ഓഫീസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾക്ക് പെട്ടെന്ന് വന്നെത്താൻ കഴിയുന്ന സ്ഥലമാണത്. അതിനാലാണ് അവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഫീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും നഗരസഭതന്നെ നിശ്ചയിച്ച വാടകയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വില നിശ്ചയിച്ചുതന്നതും നഗരസഭതന്നെ. എൽഎസ്ജിഡി മന്ദിരങ്ങളിലും സർക്കാർ ഓഫീസുകളിലും സൗജന്യമായി ഇരിക്കാം. എന്നാൽ, ഇവിടെ വാടക നൽകുന്നു. സംസ്ഥാനത്തെ പല എംഎൽഎമാരും മന്ത്രിമാരും ഈ നിലയിൽ സൗജന്യമായിട്ടോ തുച്ഛവാടകനിരക്കിലോ ആണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്ന സൈബർ ഹാൻഡിലുകൾക്കെതിരേ പരാതി നൽകും. എം. ശ്രീലേഖയ്ക്ക് കിട്ടിയ ഓഫീസ് മുറി എന്ന നിലയിൽ ശൗചാലയത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഓഫീസ് മുറിയോട് ചേർന്ന ടോയ്‌ലറ്റിന്റെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MLA V.K. Prasanth Clarifies Sasthamangalam Office Rent & Necessity