‘ബൾബസ് ബോ’യിലെ പാട് തെളിവായി, മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയെന്ന് തെളിഞ്ഞു; എണ്ണക്കപ്പലിനെ വിടില്ല

നീണ്ടകര സ്വദേശിയുടെ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ചുകയറിയ എം.വി. സോളീസ് എന്ന എണ്ണക്കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്നു
നീണ്ടകര സ്വദേശിയുടെ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ചുകയറിയ എം.വി. സോളീസ് എന്ന എണ്ണക്കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്നു

വിഴിഞ്ഞം: വിദേശ കപ്പലിടിച്ച് കൊല്ലം നീണ്ടകര സ്വദേശിയുടെ മീൻപിടിത്ത ബോട്ട് തകർന്ന സംഭവത്തിൽ, ഡയറക്ടർ ജറനൽ ഓഫ് ഷിപ്പിങ് അധികൃതർ തടഞ്ഞുവെച്ച കപ്പൽ ഇന്ത്യ വിടാൻ വൈകും. നങ്കൂരമിട്ടിരുന്ന സെയ്ന്റ് ജോസഫ് എന്ന ട്രോളർ ബോട്ടിൽ കപ്പൽ ഇടിച്ചതാണെന്ന് അന്വേഷണ ഏജൻസിയായ

മർക്കൈന്റൽ മറൈൻ ഡിപ്പാട്ട്മെന്റ് (എംഎം.ഡി.) കണ്ടെത്തിയിട്ടുണ്ട്‌. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടരുതെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ക്യാപ്റ്റന് കർശനനിർദേശം നൽകിയിട്ടുണ്ട്. പനാമ രജിസ്‌ട്രേഷനിലുള്ള എം.വി. സോളീസ് എന്ന എണ്ണക്കപ്പലാണ്‌ മീൻപിടിത്ത ബോട്ടിലിടിച്ചത്. കോസ്റ്റ്‌ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡറുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 10നാണ്‌ കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.

മാർച്ച് ഏഴിന് ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്നു 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ഒമാൻ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പലെന്ന് അധികൃതർ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ കപ്പലിടിച്ചതിന്റെ ആഘാതത്തിൽ കടലിൽ വീണിരുന്നു. ഇവരിൽ ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശികളായ ലെഖാനെയും ഇദ്ദേഹത്തിന്റെ മകൻ ബാവലിനെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല.

കപ്പലിന്റെ ‘ബൾബസ് ബോ’യിലെ പാട് തെളിവായി

മെർക്കൈന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കപ്പലിന്റെ മുൻഭാഗത്തിന് തൊട്ടുതാഴെയുള്ള ബൾബസ് ബോ എന്ന ഭാഗമാണ് മീൻപിടിത്ത ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് കണ്ടെത്തിയിരുന്നു. ഈ ഭാഗത്തുള്ള പെയിന്റ് ഇളകിയ നിലയിലാണ്‌. പലയിടത്തും ബോട്ടിലേക്ക് ഇടിച്ചകയറിയതിന്റെ ഫലമായി ചതഞ്ഞ പാടുകളും കണ്ടെത്തിയിരുന്നു. കപ്പലിലുള്ള ഡാറ്റാ റെക്കോഡർകൂടി പരിശോധിച്ചായിരുന്നു ഇക്കാര്യം ഉറപ്പുവരുത്തിയത്.

ആങ്കറേജ് ഫീസ് ഈടാക്കും

കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഡി.ജി. ഷിപ്പിങ് അധികൃതർ അറസ്റ്റു ചെയ്തിട്ട എം.വി. സോളീസ് എന്ന കപ്പൽ. വിഴിഞ്ഞത്തെ പുറംകടലിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. ക്യാപ്റ്റൻ അടക്കം 24 പേരാണ് കപ്പലിലുള്ളത്. പുറംകടലിൽ തങ്ങുന്നതിന് വാടകയിനത്തിൽ ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കപ്പലിന്റെ ഏജന്റ്‌സ് മാരിടൈം ബോർഡിന് ഇതുവരെ നൽകിയിട്ടുള്ളത്.

Content Highlights: The Panama-registered tanker MV Solis is officially detained by the DG Shipping authority., Evidence confirms the ship's bulbous bow struck the fishing boat, causing the accident., Two fishermen remain missing; search and rescue operations continue into 2026., The ship's owners have paid significant anchorage fees to the Kerala Maritime Board.