പുതുചരിത്രം കുറിച്ച് വിഴിഞ്ഞം; 'ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നു',ചരക്കുകൾ നീങ്ങി

തിരുവനന്തപുരം: 'ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നിരിക്കുകയാണ്', വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്സിം കാർഗോ) ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ടും സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യുടെ പ്രഖ്യാപനവും നടത്തിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
ലോകത്തിന്റെ ഏത് തുറമുഖത്തേക്കും ഇനി വിഴിഞ്ഞത്ത് നിന്ന് എന്ത് സാധനങ്ങളും കയറ്റി അയക്കാം. രാജ്യത്തെ ഒരു തുറമുഖത്തും ഇല്ലാത്ത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ. തിരുവനന്തപുരത്തിനും കേരളത്തിനും അഭിമാനമെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശൻ പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് എംഎസ്‌സി കയറ്റുമതി ചെയ്യുന്ന രണ്ട് കണ്ടെയ്‌നറുകളാണ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിലമേൽ എക്‌സ്‌പോർട്ടേഴ്‌സിന്റെ ഭക്ഷ്യവസ്തുക്കൾ സ്‌പെയിനിലേക്കും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഉൽപ്പന്നം ഇസ്താംബുള്ളിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചടങ്ങിൽനിന്ന് വിട്ടുനിന്നു. സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്രദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ബിജെപി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനുവാളും ബിജെപി എംഎൽ എമാരും തിരുവനന്തപുരം മേയറും ചടങ്ങിൽ പങ്കെടുത്തില്ല.
കേരളത്തെ പോർട്ട് നഗരമാക്കുന്നതിനാണ് മിഷൻ സമുദ്രയെന്നും നമ്മൾ ഉപയോഗപ്പെടുത്താത്ത ഒരു സാധ്യതയാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നമ്മുടെ കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കും. ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും അടക്കം ഇന്ന് കയറ്റി അയക്കുന്നവയിലുണ്ടെന്നും സതീശൻ പറഞ്ഞു.
കൊച്ചിയിൽ ക്രൂയിസ് ടെർമിനൽ തുടങ്ങുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് സർക്കാർ കൊച്ചി തുറമുഖത്തെ അറിയിച്ചിട്ടുണ്ട്. 44 നദികളെ ബന്ധിപ്പിച്ച് റിവർ ടൂറിസം കേരളത്തിൽ വരും. മാരിടൈം മ്യൂസിയത്തിനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏത് ഭാഗത്തും തുറമുഖം ആരംഭിക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസ് ആയി കൂടി വിഴിഞ്ഞത്തെ മാറ്റുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു.
കഴിഞ്ഞ 10 വർഷം നഷ്ടപ്പെടുത്തി. സംസ്ഥാന സർക്കാരിന് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. റോഡ്- റെയിൽ കണക്ടിവിറ്റി കഴിഞ്ഞ സർക്കാർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ നൂറ് ഇരട്ടി നേട്ടം ഉണ്ടായേനെ. അനുബന്ധമായ കാര്യങ്ങൾ സമയബന്ധിതമായി ചെയ്യാനുള്ള ഉത്തരവാദിത്വം ഈ സർക്കാർ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, തുടങ്ങിയവർ പങ്കെടുത്തു. തുറമുഖം പ്രവർത്തനസജ്ജമായി 20-ാം മാസമാണ് കയറ്റിറക്കുമതി തുടങ്ങുന്നത്.
വിഴിഞ്ഞം വളരും, ഒപ്പം തൊഴിലവസരങ്ങളും
അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കരമാർഗം ചരക്കുകൾ പുറത്തേക്ക് കടക്കുന്നതോടെ സമുദ്രവ്യാപാര മേഖലയിൽ വിഴിഞ്ഞം പുതുചരിത്രം കുറിക്കുകയാണ്. വിഴിഞ്ഞത്ത് വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങളാണ്. കാർഷിക- മത്സ്യ അനുബന്ധ ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റിയയക്കുന്നതിനും വിഴിഞ്ഞത്തെത്തുന്ന കപ്പലുകളിൽനിന്നുള്ള ചരക്കുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സമുദ്ര വ്യാപാര ഹബ്ബായി വിഴിഞ്ഞം മാറും. കടലിൽനിന്ന് കരയിലേക്ക് നേരിട്ടുള്ള ചരക്കുനീക്കം തുടങ്ങിയതോടെ വിഴിഞ്ഞമെന്ന പ്രാദേശികമേഖലയും തൊഴിലവസരങ്ങളുടെ കേന്ദ്രമാകും.
2000-ത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് തുറമുഖ വിദഗ്ധർ പറയുന്നു. കൂടുതൽ വ്യവസായ സ്ഥാപനങ്ങളും വിഴിഞ്ഞത്തെത്തും.
ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള ലോറികൾക്ക് യാർഡ്, അവയുടെ ജീവനക്കാർ, അവർക്ക് താമസിക്കാനുള്ള ഇടങ്ങൾ, കണ്ടെയ്‌നറുകളിൽ ഔദ്യോഗിക അനുമതിയോടെ ചരക്കുകൾ നിറയ്ക്കുന്നതിനും അവയിൽനിന്ന് പുറത്തേക്ക് എടുക്കുന്നതിനുമുള്ള ജീവനക്കാർ, ക്ലീയറൻസ് ഏജൻസികൾ, കണ്ടെയ്‌നറുകളുടെ അറ്റകുറ്റപ്പണികൾ, അവ കൊണ്ടുപോകുന്ന ലോറികളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പ് അടക്കമുള്ള കേന്ദ്രങ്ങൾ എന്നിവ വിഴിഞ്ഞത്തും ജില്ലയിലെ ദേശീയപാത കേന്ദ്രീകരിച്ച് ഒട്ടേറെ ലോജിസ്റ്റിക്‌സ് കമ്പനികളും എത്തും.
കാർഷികവിളകളും കടൽ കടക്കും
വിഴിഞ്ഞത്തെ അനുബന്ധ പ്രാദേശിക കാർഷിക ഇടങ്ങളായ വെങ്ങാനൂർ, കോട്ടുകാൽ അടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ കാർഷിക മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങളും ഇനി കടൽ കടക്കും.
ജില്ലയിലെ വിവിധ ചന്തകൾ കേന്ദ്രീകരിച്ചാണ് നിലവിൽ കാർഷികവിളകൾ വിറ്റഴിക്കുന്നത്. അതേസമയം ഇത്തരം കാർഷിക ഉത്പന്നങ്ങൾ മൊത്തമായി വാങ്ങി വിദേശത്തേക്ക് കയറ്റിയയ്ക്കാനുള്ള ഏജൻസികളും വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. ഇതിൽ കർഷകരും സന്തോഷത്തിലാണ്.
മത്സ്യമേഖലയ്ക്കും ഉണർവ്
വർഷത്തിൽ ജൂൺ മുതലുള്ള നാലുമാസത്തെ സീസണിൽ വിഴിഞ്ഞത്ത് നിന്ന് 600 കോടിയോളം രൂപയ്ക്കുള്ള മത്സ്യമാണ് വിദേശത്തേക്ക് കയറ്റിയയച്ചത്.
കൊച്ചി, മംഗളൂരു, ചെന്നൈ വഴി ചൈന, സ്‌പെയിൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് മത്സ്യങ്ങൾ കയറ്റിയയക്കുന്നത്.
വിഴിഞ്ഞത്തു നിന്ന് ഫ്രോസൺ കണ്ടെയ്‌നറുകൾ വഴി ഇനി മീൻ ഉത്പന്നങ്ങളും വിദേശത്തേക്ക് കടക്കും.
Content Highlights: Chief Minister VD Satheesan flagged off the first EXIM cargo from Vizhinjam International Seaport to Spain and Istanbul., Launched 'Mission Samudram' to transform Kerala into a premier port state with river tourism and maritime museum initiatives., Direct cargo movement from sea to land is expected to generate over 2,000 jobs in logistics, warehousing, and allied sectors., Local agricultural and fishery products from Thiruvananthapuram will now have direct international export routes.