വിഴിഞ്ഞത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി; ഉച്ചയോടെ കരയിലെത്തിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിൽപോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. ഉച്ചയോടെ ഇവരെ വിഴിഞ്ഞം തീരത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് കടലിൽ കാണാതായത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. തിങ്കളാഴ്ച പുലർച്ചെ തിരികെ തീരത്ത് എത്തേണ്ടതായിരുന്നു. എന്നാൽ, തീരത്ത് എത്താത്തതിനെത്തുടർന്ന് കോസ്റ്റൽ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം കാണാതായവവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി രാത്രി വൈകി തിരച്ചിൽ ആരംഭിച്ചിരുന്നു. സമാന്തരമായിത്തന്നെ കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തി.
കടലിന്റെ ഒഴുക്ക് തെക്കൻ ദിശയിലായതിനാൽ തമിഴ്നാട്ടിലെ കുളച്ചൽ, കന്യാകുമാരി, തേങ്ങാപ്പട്ടണം മേഖലകളിലേക്കും വിവരം കൈമാറി അവിടെയും തിരച്ചിൽ ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും വ്യാപക തിരച്ചിൽ നടത്തിയതോടെയാണ് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്താനായത്.
Content Highlights: Three fishermen from Vettukad and Valiyaveli reported missing after fishing trip., Joint search operation conducted by Marine Enforcement and Coast Guard., Search efforts extended to Tamil Nadu coastal regions including Colachel and Kanyakumari., All three individuals confirmed safe and returning to Vizhinjam.