ഭിന്നശേഷിക്കാര്‍ക്കായി വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായഹസ്തം; സഹായ സാമഗ്രികള്‍ കൈമാറി

ചടങ്ങില്‍നിന്ന്
ചടങ്ങില്‍നിന്ന്

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദൈനംദിനപ്രവൃത്തികള്‍ക്ക് പ്രയാസം നേരിടുന്ന ഭിന്നശേഷിക്കാരായ 25 പേര്‍ക്ക്, ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സഹായ സാമഗ്രികള്‍ വിതരണം ചെയ്തു. 

വിശ്വശാന്തി ഫൗണ്ടേഷന്‍ രക്ഷാധികാരി മോഹന്‍ലാല്‍, സാമഗ്രികള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈമാറി. വീല്‍ ചെയര്‍, വാക്കിങ് സ്റ്റിക്ക്, ശ്രവണ സഹായി, പഠനത്തിനുള്ള മൊബൈല്‍ ഫോണ്‍, വാക്കര്‍ തുടങ്ങിയവയാണ് കൈമാറിയത്. 

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടി ഭാരതം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന 'സക്ഷമ'യോടും ഇ.വൈ.ജി.ഡി.എസുമായും സഹകരിച്ചായിരുന്നു പരിപാടി. ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. നാരായണന്‍ വി., ഡയറക്ടര്‍മാരായ സജീവ് സോമന്‍, അഡ്വ. സ്മിത നായര്‍, ഇ.വൈ.ജി.ഡി.എസിലെ പ്രീതി ഗോപാലകൃഷ്ണന്‍, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്കൊപ്പം നിന്നുകൊണ്ട് അവരെ സ്വയംപര്യാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

content highlights:viswasanthi foundation 

Content Highlights: