'മരിക്കുംവരെ ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ'; 12 കോടിയുടെ ഭാഗ്യം സെക്യൂരിറ്റി ജീവനക്കാരന്

ആലപ്പുഴ: 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. കൈവന്നത് മഹാഭാഗ്യമെന്ന് വിശ്വംഭരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസത്തിൽ പത്ത് ഇരുപതെണ്ണം ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോൾ അടിച്ചെന്ന് കണ്ടു, വിശ്വംഭരൻ പറഞ്ഞു.
അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയിൽ ഉണ്ടായിരുന്നത്. സി.ആർ.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരൻ. നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.
അഞ്ചെട്ട് വർഷത്തോളമായി ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരൻ പറഞ്ഞു.
12 കോടി എന്നൊക്കെ പറയുമ്പം ചിലർ ഉറങ്ങില്ല. ചിലർക്ക് ഹാർട്ട് അറ്റാക്ക് ആകും. ബംപർ അടിച്ചിട്ട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും വിശ്വംഭരൻ പറഞ്ഞു.
വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപർ അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകള്ക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.
Content Highlights: vishu bumper 2024 alappuzha viswambharan