വിശാൽ വധക്കേസ്: സംഘടനാപ്രവർത്തനത്തിനു നാട്ടിലെത്തിയ ചെറുപ്പക്കാരൻ, രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി

#ന്യൂസ് ഡെസ്ക്
വിശാൽ
വിശാൽ

മാവേലിക്കര: എ.ബി.വി.പി. ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാൽ (19) കൊല്ലപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കിയത് ക്രൈംബ്രാഞ്ച്. പ്രതികളെ അറസ്റ്റുചെയ്യാൻ ലോക്കൽ പോലീസ് കാലതാമസമെടുത്തിരുന്നു. ഇതോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

മാതാപിതാക്കൾക്കൊപ്പം ലണ്ടനിലായിരുന്ന വിശാൽ സംഘടനാപ്രവർത്തനത്തിനുള്ള താത്പര്യം മൂലമാണ് ചെങ്ങന്നൂരിലേക്കു മടങ്ങിയത്. കോന്നി എൻ.എസ്.എസ്. കോളേജിൽ ഒന്നാംവർഷ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കുത്തേറ്റത്. ഇവിടെവെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കാമ്പസ് ഫ്രണ്ട് യൂണിറ്റ് രൂപവത്കരിക്കുന്നതിനെ എതിർത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ആരോപണം. കുത്തേറ്റ് വയറിനു മുകൾഭാഗത്ത് ആഴത്തിലുണ്ടായ മുറിവും രക്തസ്രാവവുമാണ് മരണകാരണമായത്.

കോളേജിനു മുന്നിലേക്കു സംഘടിച്ചെത്തിയ പ്രതികൾ കത്തി, ഹെൽമെറ്റ് തുടങ്ങിയവയുമായാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഒന്നാം പ്രതി നാസിമിന്റെ പ്രേരണയിൽ മൂന്നാംപ്രതി ഷെഫീഖ് ആണ് കുത്തിയതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഒന്നു മുതൽ എട്ടു വരെയുള്ള സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. സംഭവത്തിൽ ഉൾപ്പെട്ടവരല്ലാതെ സ്വതന്ത്രസാക്ഷികളില്ലാതിരുന്നത് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2012 സെപ്റ്റംബർ 30-നാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പറഞ്ഞു. കുറ്റകൃത്യസമയത്ത് പ്രായപൂർത്തിയാകാത്ത ഒരാളുടെ കേസ് ജുവനൈൽ കോടതിയാണു പരിഗണിക്കുന്നത്.

വിശാലിനെ കൊലപ്പെടുത്തിയ കേസിൽ കാംപസ് ഫ്രണ്ടുകാരായ പ്രതികളെ മുഴുവൻ വെറുതേ വിട്ടത് നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. ഈ കേസ് അട്ടിമറിക്കാൻ രാഷ്ട്രീയമായി വലിയ ഗൂഢാലോചന നടന്നിരുന്നു. കെ.എസ്.യു.വിന്റെയും എസ്.എഫ്.ഐ.യുടെയും പ്രവർത്തകർ കൂറുമാറിയത് ഉന്നതതലത്തിലെ ഗൂഢാലോചനയുടെ ഭാഗമായാണ്.

മതിയായ തെളിവുകൾ നൽകിയിട്ടും പരാജയപ്പെടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഹൈക്കോടതിയിൽ സത്യം തെളിയുമെന്നാണ് കരുതുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. തെളിവുശേഖരണത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾപോലും പോലീസ് പാലിച്ചിട്ടില്ല. സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതായ പോലീസിന്റെ വാദം ദുർബലമായിരുന്നു. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. പ്രതികളിൽ ഒരാളുടെ കൈവശംമാത്രമാണ് ആയുധമുണ്ടായിരുന്നത്. പോലീസ് ഹാജരാക്കുന്ന തെളിവുകൾ വെള്ളമിറക്കാതെ വിശ്വസിക്കുന്ന സ്ഥാപനമല്ല കോടതിയെന്ന് വ്യക്തമാക്കുന്ന വിധിയാണുണ്ടായിരിക്കുന്നതെന്ന് ഒന്നു മുതൽ അഞ്ചുവരെ പ്രതികളുടെ അഭിഭാഷകനായ അഡ്വ. ജി. പ്രിയദർശൻ തമ്പി പ്രതികരിച്ചു.

മത തീവ്രവാദികൾക്ക് മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതി നിഷേധിച്ചുവെന്ന് എ.ബി.വി.പി. സംസ്ഥാനസെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടാണ് കാപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായത്. ലോക്കൽ പോലീസിന്റെ അനാസ്ഥകാരണം എ.ബി.വി.പി. ഉൾപ്പെടെ നടത്തിയ പോരാട്ട ഫലമായി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ പോലും സർക്കാർ തയ്യാറായില്ല. നിരവധി നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീം കോടതിയെ സമീപിച്ച് എട്ടു വർഷങ്ങൾക്കു ശേഷമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത് -ഈശ്വരപ്രസാദ് പറഞ്ഞു

Content Highlights: Kerala court acquits Campus Front members in the murder of ABVP activist Vishal. Investigation transferred to Crime Branch due to police delay. Appeals planned.