'അയ്യപ്പന്‍ എന്റെ ആളാണ്, ശരണം വിളിച്ചാല്‍ കൂടെയെത്തും'; 'വൈറല്‍ കണ്ടക്ടര്‍' പറയുന്നു | Video

#ന്യൂസ് ഡെസ്‌ക്
Photo: special arrangement
Photo: special arrangement

അമ്പലപ്പാറ: 'അയ്യപ്പന്‍ എന്റെ ആളാണ്. ശരണം വിളിച്ചാല്‍ കൂടെയെത്തും'. കെഎസ്ആര്‍ടിസി ബസില്‍ ശരണംവിളിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചാല്‍ കണ്ടക്ടര്‍ അമ്പലപ്പാറ തേക്കിന്‍കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ഇങ്ങനെ പറയും. കടുത്ത അയ്യപ്പഭക്തനാണ് രാമദാസ്. കെഎസ്ആര്‍ടിസി ബസില്‍ രാമദാസ് ശരണം വിളിക്കുന്ന വീഡിയോ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉള്‍െപ്പടെ പങ്കുവെച്ചിരുന്നു.

പാലക്കാട് ഡിപ്പോയിലെ കോയമ്പത്തൂര്‍, കോഴിക്കോട് റൂട്ടുകളിലെ കണ്ടക്ടറാണ് രാമദാസ്. മണ്ഡലകാലമായാല്‍ ശബരിമലഡ്യൂട്ടി ചോദിച്ചുവാങ്ങും. അങ്ങനെയാണ് ഇത്തവണയും ചെങ്ങന്നൂര്‍-പമ്പ റൂട്ടിലെ ബസിലെത്തിയത്. ബസില്‍ കയറിയാല്‍ സ്വാമിമാരെ ഒന്നുനോക്കും. അവരെ കണ്ടാല്‍ വൈബ് മനസ്സിലാകും. പറ്റിയാല്‍ ശരണം വിളിക്കാന്‍ തുടങ്ങും. ഏറ്റുചൊല്ലാന്‍ ആളുണ്ടായാല്‍ പിന്നെ അതൊരു ഹരമാണെന്ന് രാമദാസ് പറയുന്നു. അങ്ങനെയാണ് മൂന്നു ദിവസം മുന്‍പ് ചെങ്ങന്നൂര്‍-പമ്പ റൂട്ടിലെ സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശരണം വിളിക്കുന്ന വീഡിയോ സ്വാമിമാര്‍ പകര്‍ത്തിയത് ഹിറ്റായത്.

അയ്യപ്പഭക്തനായ രാമദാസിന് കുട്ടിക്കാലം തൊട്ടേ അമ്പലപ്പാറയിലെ കടലേക്കാവിലെ അയ്യപ്പന്‍കാവില്‍ ശരണം വിളിച്ച് പരിചയമുണ്ട്. മുതിര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരനായപ്പോഴും ആ ഭക്തി ഒപ്പമുണ്ട്. ശബരിമലയിലേക്കുള്ള യാത്ര ജോലിയായല്ല, സേവനമായാണ് കാണുന്നതെന്നും തീര്‍ഥാടനക്കാലം കഴിയുംവരെ ഇത് തുടരുമെന്നും രാമദാസ് പറയുന്നു.

Content Highlights: Meet Ramadas, the `Viral Conductor` whose Ayyappan devotion on KSRTC buses is winning hearts. Hear his inspiring story and why he calls Ayyappan `my person`.