വില്ലേജോഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച് ധനവകുപ്പ്

#ആർ ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: വില്ലേജോഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച് ധനവകുപ്പ് ഉത്തരവിറക്കി.വില്ലേജ് ഓഫീസര്‍ തസ്തികയ്ക്ക് പ്രത്യേക സ്‌കെയില്‍ നല്‍കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് വിശദീകരണം. ഉത്തരവ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞ പത്താം ശമ്പള കമ്മീഷന്‍ മുതല്‍ പ്രത്യേക സ്‌കെയില്‍ ആയിരുന്നു നിര്‍ദേശിച്ചത്. 29200-62400 എന്നതായിരുന്നു സ്കെയിൽ. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും അതിനനുസരിച്ചുള്ള ശമ്പള സ്‌കെയില്‍ നല്‍കാനും തീരുമാനമായി.എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പ്രത്യക സ്‌കെയില്‍ നല്‍കുന്നത് ഉചിതമല്ലെന്നും ഇത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. 

ഹെഡ്ക്ലര്‍ക്കുമാരാണ് പലയിടങ്ങളിലും വില്ലേജ്ഓഫീസർമാരായി നിയമിക്കുന്നത്. ഹെഡ് ക്ലര്‍ക്കുമാര്‍ പിന്നീട് പഴയ തസ്തികയിലേക്ക് പോവാനും സാധ്യതയുണ്ട്.അതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രമായി പ്രത്യേക ശമ്പള സ്‌കെയില്‍ നല്‍കുന്നത് അനുവദിക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ പുതിയ തീരുമാനം. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നുമുതല്‍ 27800-59400 എന്ന ശമ്പള സ്‌കെയിലിലേക്ക് വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം മാറ്റും. 

content highlights: Village Officer salary cutoff

Content Highlights: