തിരുവനന്തപുരത്ത് പുതിയ കാൻസർ ആശുപത്രി, 50 ഏക്കറിൽ ഗവേഷണകേന്ദ്രം; പദ്ധതിയുമായി കോർപ്പറേഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് 50 ഏക്കർ വിസ്തൃതിയിൽ അർബുദ ആശുപത്രിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. പഴയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതിചെയ്തിരുന്ന വിളപ്പിൽശാലയിലാണ് പദ്ധതി വരുന്നത്. വിളപ്പിൽശാലയിലെ പഴയ മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഭവനപദ്ധതി നടപ്പാക്കാൻ മുൻ കോർപ്പറേഷൻ ഭരണസമിതി പദ്ധതിയിട്ടിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധിയും മറ്റു തർക്കങ്ങളും കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കോർപ്പറേഷൻ ഭൂമി കാൻസർ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള നൂനതകേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നത്. കാൻസർ വിദഗ്ധനും മലയാളിയുമായ ഡോ. എം.വി. പിള്ളയാണ് ഈ ആശയത്തിനുപിന്നിൽ. മേയർ വി.വി. രാജേഷിന്റെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇരുവരും ചർച്ച നടത്തിയത്.
നിലവിൽ ആർ.സി.സി.യും മലബാർ കാൻസർ സെന്ററും കൊച്ചിൻ കാൻസർ സെന്ററും മാത്രമാണ് വിദഗ്ധ കാൻസർ ചികിത്സയ്ക്കായി കേരളത്തിലുള്ള സെന്ററുകൾ. പദ്ധതി നടപ്പാക്കുകയാണെങ്കിൽ തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കാൻസർരോഗികൾക്ക് ഇത് ഗുണംചെയ്യും. ആർ.സി.സി.യിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായകമാകും.
പ്രാരംഭ ചർച്ച നടത്തി- മേയർ
'പദ്ധതിയുടെ പ്രാഥമികഘട്ട ചർച്ചകളാണ് നടന്നത്. നാടിന് ഏറെ ഗുണംചെയ്യുന്ന പദ്ധതിയാണിത്. പദ്ധതി യാഥാർഥ്യമാകണമെങ്കിൽ നിരവധിപേരുടെ പങ്കാളിത്തം ആവശ്യമാണ്. ഡോ. എം.വി. പിള്ള നാട്ടിലെത്തുമ്പോൾ ഇതിന്റെ അടുത്തഘട്ട ചർച്ചകൾ ആരംഭിക്കും.
Content Highlights: Thiruvananthapuram Corporation plans a 50-acre cancer hospital and research center., Project to be built on the unused land of the former waste treatment plant in Vilappilsala., Proposed under a Public-Private Partnership (PPP) model., Conceived through discussions between Mayor V.V. Rajesh and renowned cancer expert Dr. M.V. Pillai., Aims to reduce congestion at RCC and benefit cancer patients in Thiruvananthapuram and Kanyakumari.