വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബായിലെത്തി; ചൊവ്വാഴ്ച നാട്ടിലെത്തിക്കാന്‍ പോലീസിന്റെ ശ്രമം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള നടന് വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് തിരികെ ദുബായിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിജയ് ബാബുവിനെ കൊച്ചിയിലെത്തിക്കാനാണ് കേരളാ പോലീസിന്റെ ശ്രമം.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്കടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നായിരുന്നു കോടതി ഈ വേളയില്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍, കോടതി പറയുന്ന ഏതുദിവസം വേണമെങ്കിലും ഹാജരാകാമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് വിജയ്ബാബുവിനെ കേരളത്തിലെത്തിക്കാന്‍ പോലീസ് ഊര്‍ജിത ശ്രമം ആരംഭിച്ചിരിക്കുന്നത്.
പോലീസ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബായിലേക്ക് മടങ്ങിയെത്തി എന്ന് വ്യക്തമായത്. മേയ് 17 രാത്രിയാണ് വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. തൊട്ടുപിറ്റേന്ന് 18 രാവിലെ തന്നെ ഇയാള്‍ ദുബായിലേക്ക് മടങ്ങിയെത്തി. പോലീസ് ശക്തമായ നീക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ ജോര്‍ജിയയില്‍ തുടരുന്നത് ഗുണകരമാകില്ലെന്ന് കണ്ടായിരുന്നു ഈ മടങ്ങിവരവ്.
ദുബായ് കോണ്‍സുലേറ്റ് ജനറലിനെ ബന്ധപ്പെട്ട് വിജയ് ബാബുവിന് പ്രത്യേക യാത്രാരേഖ ലഭ്യമാക്കാനാണ് പോലീസ് നീക്കം. നേരത്തെ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. വിജയ് ബാബു നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. കാരണം, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ അറസ്റ്റ് പാടില്ല എന്നൊരു നിര്‍ദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആദ്യം നാട്ടിലെത്തൂ, ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള പരിശ്രമത്തിലാണ് പോലീസ്. നടന് എതിരായ തെളിവുകളും ഇതിനോടകം ശേഖരിച്ചു കഴിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്.
24-ന് മടങ്ങിയെത്തുമെന്നാണ് പാസ്പോര്‍ട്ട് ഓഫീസറോട് നേരത്തെ വിജയ് ബാബു പറഞ്ഞിരുന്നത്. 24-ന് എത്തിയില്ലെങ്കില്‍ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനും അറസ്റ്റ് നടപടികളിലേക്ക് കടക്കാനുമായിരുന്നു പോലീസ് തീരുമാനം. ഈ ഘട്ടത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയും കേസില്‍ പുതിയ പുരോഗതി ഉണ്ടാവുകയും ചെയ്തിരിക്കുന്നത്. ഇതോടെ നാടുകടത്തല്‍ പ്രക്രിയയിലൂടെ വിജയ് ബാബുവിനെ ദുബായില്‍നിന്ന് കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
Content Highlights: vijay babu returned to dubai from georgia