ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

#ന്യൂസ് ഡെസ്ക്
ജിഎസ്‍ടി ജോയിന്റ് കമ്മിഷണറുടെ വീട്ടിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധന
ജിഎസ്‍ടി ജോയിന്റ് കമ്മിഷണറുടെ വീട്ടിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധന

കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതികളെ തുടർന്ന് കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. തേവരയിലുള്ള ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലുള്ള രണ്ട് വീടുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപയോളം മൂല്യം വരുമെന്ന് വിജിലൻസ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‍പി എം.ജെ. സോജൻ, ഡിവൈഎസ്പി എ.എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥയ്ക്കെതിരെ നേരത്തെ തന്നെ വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാറന്റ് വാങ്ങിയ ശേഷമാണ് റെയ്ഡ് നടത്തിയത്.

കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. നേരത്തേ മുതൽ തന്നെ ഇവർ വിജിലൻസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ ഇവർ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് വിജിലൻസ് കോടതിയിൽ നിന്ന് റെയ്ഡിനായി വാറന്റ് വാങ്ങിയത്.

ജിഎസ്ടി വകുപ്പിൽ അടുത്തകാലത്ത് നടക്കാനിരിക്കുന്ന സ്ഥലംമാറ്റ നടപടികളിൽ പെടാതെ എറണാകുളത്തു തന്നെ തുടരാനുള്ള ശ്രമങ്ങൾ ജോയിന്റ് കമ്മീഷണർ നടത്തിവരുന്നതിനിടെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന ഉണ്ടായതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജിഎസ്ടി ഓഫീസിലെ അറിയപ്പെടുന്ന ഇടതുപക്ഷ സംഘടനാ പ്രവർത്തകയാണ് ഇവരെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സമീപകാലത്ത് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഓഫീസിലും വസതികളിലും നടക്കുന്ന ഏറ്റവും വലിയ വിജിലൻസ് റെയ്ഡുകളിൽ ഒന്നാണിത്. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

Content Highlights: Vigilance officials raided the Kochi office and residences of GST Joint Commissioner Prajani Rajan, seizing ₹14 lakh in cash and $788 in US currency. The investigation follows allegations of unaccounted assets and GST irregularities.