ഷെഹ്നാസിനും ഷെഹ്രീനും താങ്ങായി വിക്റ്റിം റൈറ്റ്‌സ് സെന്റര്‍; Mathrubhumi.com impact

#സ്വന്തം ലേഖിക
മഞ്ജു വാര്യർ ഷെഹ്രീനെ കാണാനെത്തിയപ്പോള്‍ |  ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍മാതൃഭൂമി
മഞ്ജു വാര്യർ ഷെഹ്രീനെ കാണാനെത്തിയപ്പോള്‍ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍മാതൃഭൂമി

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിന്‍ അമാന്‍ എന്ന ഒമ്പതാം ക്ലാസുകാരിക്കും അനുജനും താങ്ങായി വിക്റ്റിം റൈറ്റ്‌സ് സെന്റര്‍. കേരള ഹൈക്കോടതിയുടെ ഒരു പദ്ധതിയാണ് വിക്റ്റിം റൈറ്റ്‌സ് സെന്റര്‍. കേരള ഹൈ കോര്‍ട്ട് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതിയാണിത്.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍, വംശീയ സമൂഹങ്ങള്‍, എസ്സി, എസ്ടി എന്നിവരും ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാര്‍ക്കും അവരോടൊപ്പം താമസിക്കുന്ന കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് വിക്റ്റിം റൈറ്റ്‌സ് സെന്റര്‍. സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കും നിയമപരമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് തണലാകാനും നേര്‍വഴിക്ക് നയിക്കാനും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കാണ് പദ്ധതിയുടെ ചെയര്‍മാന്‍. അദ്ദേഹമാണ് ഈ പദ്ധതിക്കായി മുന്‍കൈ എടുത്തിരിക്കുന്നത്. ജനുവരി അവസാനമാണ് ഈ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരുന്നത്. ഷെഹ്‌റീനെയും ഷെഹ്‌സാനെയും പറ്റിയുള്ള മാതൃഭൂമിയിലെ വാര്‍ത്ത കണ്ടതിനെത്തുടര്‍ന്ന് ഇവരെ പദ്ധതിയുടെ ഭാഗമായി ബന്ധപ്പെടുന്നത്. 'കെല്‍സ' വഴി ഈ കുട്ടികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയും അതിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണ് ഇവരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ഷെഹ്രീന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിനെ കാണാനെത്തിയിരുന്നു. അനുജന്റെ അത്യാവശ്യമായുള്ള ചികിത്സയ്ക്കായി ഇന്ന് തന്നെ ജഡ്ജിമാരുടെ ഫണ്ടില്‍ നിന്നുള്ള പണം കൈമാറിയിരുന്നു. 

ഷെഹ്രീന് പഠിത്തവുമായി മുന്നോട്ട് പോകാന്‍ ലാപ്‌ടോപ്പും മറ്റ് പഠനച്ചിലവുകള്‍ക്കുമുള്ള പണം ഈ ഫണ്ടില്‍ നിന്ന് നല്‍കും. ഷെഹ്രീന് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളതിനാല്‍ അതിനാവശ്യമായിട്ടുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.  

കുട്ടികളുടെ അമ്മയ്ക്ക് നിയമപരമായ സഹായങ്ങള്‍ ആവശ്യമുള്ളതിനാല്‍ സൗജന്യമായി നിയമ സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അവധിയായതിനാല്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷമാകും തുടര്‍ നടപടികളെടുക്കുക.

Content Highlights: victim rights centre extends helping hands to shehreen and shehnaz mathrubhumi impact

Content Highlights: