ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ സന്ദർശനാനുമതി നിഷേധിച്ച് NSS

#മാതൃഭൂമി ന്യൂസ്
സി.പി. രാധാകൃഷ്ണൻ (ഫയൽചിത്രം)
സി.പി. രാധാകൃഷ്ണൻ (ഫയൽചിത്രം)

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്.  തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ സന്ദർശനം ശരിയല്ലെന്നാണ് എൻഎസ്എസ് നിലപാട്. സുരക്ഷാക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിശദീകരണം. വിഷയത്തിൽ എൻഎസ്എസും ഉപരാഷ്ട്രപതിയുടെ ഓഫീസും ചർച്ചകൾ തുടരുകയാണ്.

ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് ചങ്ങനാശ്ശേരി കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയെത്തുന്നത്. രണ്ടരയോടെ പെരുന്നയിലുള്ള കോളേജ് ഗ്രൗണ്ടിൽ ഉപരാഷ്ട്രപതിയെത്തുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പിന്നാലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലേക്ക് പോകുമെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ ഷെഡ്യൂൾ. എന്നാൽ ഈ ഷെഡ്യൂളിൽ നിന്നാണ് പുഷ്പാർച്ചന വെട്ടിമാറ്റിയിരിക്കുന്നത്.

പുതിയ ഷെഡ്യൂൾ പ്രകാരം 2.45 ഓടെ ഉപരാഷ്ട്രപതി പെരുന്നയിലെ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുകയും തുടർന്ന് കോളേജിലേക്ക് പോകുകയും ചെയ്യും. ഇത് സംബന്ധിച്ച് നേരത്തേ അറിയിച്ചിട്ടില്ലെന്നും ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള അനുമതി മാത്രമാണ് തേടിയതെന്നുമാണ് എൻഎസ്എസ്സിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. വെള്ളിയാഴ്ച രാവിലെയാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി ഉപരാഷ്ട്രപതിയുടെ ഓഫീസ് തങ്ങളെ ബന്ധപ്പെടുന്നതെന്നുമാണ് ലഭിക്കുന്ന വിശദീകരണം. ഓദ്യോഗികമായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവരുന്നത്.

Content Highlights: NSS denies VP C.P. Radhakrishnan permission to visit Mannam Samadhi., The denial is attributed to the upcoming elections and security protocols., The visit was part of the VP's schedule for Changanassery College's centenary celebrations., The floral tribute at the Samadhi has been removed from the official schedule.