വേണു രാജാമണി ഡല്‍ഹിയിലെ സ്ഥാനമൊഴിഞ്ഞു; കാലാവധി നീട്ടിനല്‍കിയത് നിരസിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതലയിലിരുന്ന വേണു രാജാമണി സ്ഥാനമൊഴിഞ്ഞു. രണ്ടാഴ്ചത്തെ കാലാവധി നീട്ടിനല്‍കിയത് നിരസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തുനല്‍കി.
ശനിയാഴ്ചവരെയായിരുന്നു വേണു രാജാമണിയുടെ സേവന കാലാവധി. ഇത് രണ്ടാഴ്ചത്തേക്കുമാത്രമാണ് നീട്ടിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പിന്നാലെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതലയിലിരുന്ന് ചെയ്ത കാര്യങ്ങളില്‍ സംതൃപ്തിയുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വേണു രാജാമണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയില്‍ 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് 2022-ല്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടിനല്‍കി. ഇപ്പോള്‍ രണ്ടാഴ്ചകൂടി നീട്ടി വീണ്ടും നീട്ടിനല്‍കിയപ്പോഴാണ് തുടരാനില്ലെന്ന് അറിയിച്ചത്. ഐ.എ.എസ്. തലത്തിലെ നീക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും അഭ്യൂഹമുണ്ട്.
Content Highlights: venu rajamani resigned from the post in delhi