വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് ഉടനെത്തില്ല; പ്ലാറ്റ് ഫോമിന്റെ നീളക്കുറവ് പ്രധാന പ്രതിസന്ധി

#ന്യൂസ് ഡെസ്‌ക്
വേണാട് എക്‌സ്പ്രസ് | ഫോട്ടോ:twitter.com/GMSRailway
വേണാട് എക്‌സ്പ്രസ് | ഫോട്ടോ:twitter.com/GMSRailway

ഒറ്റപ്പാലം: ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള ആവശ്യം ഉടൻ നടപ്പായേക്കില്ല. ഷൊർണൂർമുതൽ നിലമ്പൂർവരെയുള്ള പാതയിലെ വിവിധ സ്റ്റേഷനുകളിൽ വേണാടിനെ ഉൾക്കൊള്ളാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്നതാണ് പ്രശ്‌നം. പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്നതുൾപ്പെടെ സാമ്പത്തികവും സാങ്കേതികവുമായ നടപടികൾ വേണ്ടിവരും. ഇതോടെ റെയിൽവേ ഈ ശ്രമത്തിൽനിന്ന് പിന്നോട്ടുപോയതായാണ് വിവരം.

ഒരുവർഷംമുമ്പാണ് രാജ്യസഭാ എം.പി.യായ പി.പി. സുനീർ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിനെ സമീപിക്കുന്നത്. പാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ നിലമ്പൂരിലേക്ക് നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സാധ്യതാപഠനവും നടത്തിയിരുന്നു.

വേണാട് എക്‌സ്പ്രസിന് 22 കോച്ചുകളുണ്ട്. നിലമ്പൂർപാതയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 18 കോച്ചുകൾ നിർത്താനുള്ള പ്ലാറ്റ്‌ഫോം സൗകര്യമേയുള്ളൂ. വേണാടിന്റെ കോച്ചുകൾക്ക് നീളവും കൂടുതലാണ്. അതിനാൽ ആറ് ബോഗികൾവരെ പ്ലാറ്റ്‌ഫോമിന് പുറത്ത് നിർത്തേണ്ട സ്ഥിതിവരും.

റെയിൽവേ ചട്ടപ്രകാരം ഇത് അനുവദനീയമല്ല. പാതയിലെ 11 സ്റ്റേഷനുകളിൽ ഭൂരിഭാഗം ഇടങ്ങളിലും പ്ലാറ്റ്‌ഫോം നിർമിക്കേണ്ടിവരും. തീവണ്ടി നിലമ്പൂരിലേക്ക് നീട്ടിയാൽ നിലവിലെ സമയക്രമം പാലിക്കാനാകില്ലെന്നും മറ്റിടങ്ങളിലെ യാത്രക്കാർക്ക് തടസ്സമാകുമെന്നും അധികൃതർ പറയുന്നു.

Content Highlights: Venad Express extension to Nilambur is currently on hold., Platform length at Nilambur line stations is insufficient for 22-coach trains., Railway authorities cite technical and financial feasibility issues., Current safety regulations prohibit stopping trains with coaches extending beyond platforms.