വെല്ലൂരിൽ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള രഥം മറിഞ്ഞു വീണു: ഏഴുപേർക്ക് ഗുരുതര പരിക്ക്

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ 60 അടിയിലധികം ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെല്ലൂരിന് സമീപം പാലാറിൽ നടന്ന ഉത്സവത്തിനിടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. നിരവധി ഭക്തർ ചേർന്ന് തേര് വലിച്ചു കൊണ്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
ശിവരാത്രിയുടെ പിറ്റേന്ന് നടത്തുന്ന ഈ ഉത്സവത്തിൽ നിരവധി രഥങ്ങൾ ആനയിക്കാറുണ്ട്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ഈ ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഭക്തർ തേര് വലിക്കുന്നതിനിടെ രഥത്തിന്റെ നിയന്ത്രണ സംവിധാനത്തിലുണ്ടായ പിഴവോ യന്ത്ര തകരാറോ ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ ഏഴ് പേരെയും ഉടൻ തന്നെ വെല്ലൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ മറ്റു ചിലർക്കും നിസ്സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. അപകടം നടന്നയുടനെ ഭക്തരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് രഥത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.സംഭവത്തെത്തുടർന്ന് പോലീസ് സംഘാടകർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Tragic accident in Vellore! A 60-foot temple chariot collapsed during a festival, injuring 7 people critically.