'എടോ വെറുതെ കളിക്കാതെ'; മാധ്യമപ്രവർത്തകനെ തീവ്രവാദിയാക്കി വെള്ളാപ്പള്ളി; പിന്നാലെ നിർവചനവും

വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi

ആലപ്പുഴ: മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നോട് കഴിഞ്ഞ ദിവസം ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"എന്നോട് ചോദ്യം ചോദിച്ചയാളെ എനിക്കറിയാം. ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫ് നേതാവാണ്. അവൻ തീവ്രവാദിയാണ്. മുസ്ലിങ്ങളുടെ വക്താവാണ്. അയാളെ ആരോ പറഞ്ഞയച്ചതാണ്. ഞാൻ ഇത്രയും പ്രായമുള്ള ആളല്ലേ. അവന്റെ അപ്പൂപ്പനാകാനുള്ള പ്രായമില്ലേ? ധാർഷ്ട്യത്തോടെയാണ് സംസാരിച്ചത്. ആ സമയം തട്ടിമാറ്റി എന്നത് ശരിയാണ്"- വെള്ളാപ്പള്ളി പറഞ്ഞു.

പേര് കണ്ടാണോ തീവ്രവാദി എന്ന് വിളിച്ചത്? അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ മുമ്പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്; 'അറിവുണ്ട്' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് അദ്ദേഹം മാധ്യമപ്രവർത്തകരോട് 'താനാരാ, കൂടുതൽ കസർക്കുകയൊന്നും വേണ്ട...' തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ക്ഷോഭിച്ചു.

'വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാൾ (മാധ്യമപ്രവർത്തകൻ) തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു. എടോ ഞാൻ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കിൽ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാൽ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാൻ പറ്റില്ല- വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത്തരത്തിൽ ഒരു ആക്ഷേപം മാധ്യമപ്രവർത്തകനെതിരേ എന്തടിസ്ഥാനത്തിലാണ് ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, 'അദ്ദേഹത്തിന്റെ തീവ്രവാദപ്രവർത്തനങ്ങൾ അറിയാവുന്നത് കൊണ്ടാണ്. അത് വ്യക്തമാക്കേണ്ട സമയത്ത് വ്യക്തമായിക്കൊള്ളാം. പ്രവൃത്തികൊണ്ടാണ് അറിയുന്നത്. അയാൾ എംഎസ്എഫിന്റെ പ്രവർത്തകനായിരുന്നു. എന്റെ അനുഭവത്തിൽ അതുണ്ട്. കൂടുതൽ ചോദിക്കണ്ട'- എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

തീവ്രവാദി പരാമർശം ചർച്ചയായതോടെ വാർത്താ സമ്മേളനത്തിന് പിന്നാലെ പുതിയ നിർവചനവും അദ്ദേഹം നൽകി. തീവ്രവാദി എന്നാൽ സമൂഹത്തിൽ രാഷ്ട്രീയ, സാമുഹിക ആശയപരമായ ലക്ഷ്യങ്ങൾ നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്ന ആളാണെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.

Content Highlights: Vellappally Natesan Clarifies Controversial 'Terrorist' Remark on Journalist