സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു, സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢിയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള സ്വാമി സച്ചിദാനന്ദയുടെ പ്രതികരണത്തോടാണ് വെള്ളാപ്പള്ളി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്ന് ചോദിച്ച വെള്ളാപ്പള്ളി സച്ചിദാനന്ദ പമ്പര വിഡ്ഢിയെന്നും പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി ശിവഗിരി മഠം സ്വാഗതം ചെയ്തതിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു. ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്. - വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തിൽ ഇരുന്ന് ഇങ്ങനെ ചെയ്യാമോ ? സ്വന്തം നിലയിൽ ചെയ്തത് ആണെന്ന് സെക്രട്ടറി തന്നെ പറയുന്നു. ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്. ശിവഗിരി മഠത്തിന് ശിവഗിരി മഠത്തിന്റേതായ ധർമമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് ചേർന്ന് തീരുമാനിക്കണം. 18 പേരുടെ പേര് എഴുതിക്കൊടുത്തെന്നും എത്രപേര് സ്ഥാനാർഥിയാകുമെന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ സച്ചിദാനന്ദ പ്രതികരിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന പ്രത്യേകിച്ച് ഈഴവ വിഭാഗങ്ങളിൽപ്പെടുന്ന ആൾക്കാർക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിഗണിക്കുമ്പോഴെല്ലാം ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് അവരെ പരിഗണിക്കുന്നത്. അത് ഇനി ഒഴിവാക്കണം. ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ഈഴവ വിഭാഗത്തിൽ നിന്നും വിശ്വകർമ്മ വിഭാഗത്തിൽ നിന്നടക്കം പരിഗണിക്കണമെന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ സന്ദർശനം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും നൽകിയിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി അടുത്തിടെയാണ് ശിവഗിരി മഠം സ്വാഗതം ചെയ്തത്. വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണ്. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Content Highlights: Vellappally Natesan publicly criticized Swami Sachidananda calling him unfit for his position., The dispute stems from Sachidananda's involvement in suggesting candidates to the UDF., Tensions rise between SNDP leadership and Sivagiri Mutt following the High Court ruling., Swami Sachidananda advocates for better political representation for Ezhava and Vishwakarma communities.