ഒരു കി.മി. പരിധിയിൽ 180 ജീവനക്കാർ, ഏഴിലൊരാൾ സർവീസിൽ; ചാത്തമംഗലത്തെ സർക്കാർ ജോലി ‘വിളയുന്ന’ ഗ്രാമം

കോഴിക്കോട്: ചാത്തമംഗലത്തിനടുത്തുള്ള വെള്ളനൂർ വെസ്റ്റ് എന്ന ചെറുഗ്രാമത്തിനിപ്പോൾ സർക്കാർ വിലാസമാണ്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ളത് 31 പോലീസുകാർ. സർക്കാർ സ്കൂൾ അധ്യാപകർ 36. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നത് 20 പേർ. ഇതിനുപുറമേ എട്ടു ബാങ്ക് ഉദ്യോഗസ്ഥർ, നാലു ഡോക്ടർമാർ, 11 സൈനികർ, നാല് അഗ്നിരക്ഷാ സേനാംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, കൃഷി അസിസ്റ്റൻറ്... പി.എസ്.സി. റാങ്ക് പട്ടികപോലെ നീളും ഈ പട്ടിക.
180-നുമേലെയാണ് ഇവിടെനിന്നുള്ള സർക്കാർ ജോലിക്കാരുടെ എണ്ണം. വാർഡ് ജനസംഖ്യയിൽ ഏഴിൽ ഒരാൾ സർക്കാർ ശന്പളം പറ്റുന്നു. പഠിച്ചുതീരുംമുൻപേതന്നെ പലർക്കും ജോലി െെകപ്പിടിയിലായി. മീഞ്ചന്ത ആർട്സ് കോളേജിൽനിന്ന് ബിരുദം പൂർത്തിയാക്കുംമുൻപേ സിവിൽ പോലീസ് ഓഫീസറുടെ റാങ്ക് പട്ടികയിൽ ഇടംനേടിയ എം. അജയ് ആണ് പട്ടികയിലെ പുതുമുഖം. 21-കാരനായ അജയ് ഇക്കഴിഞ്ഞ മൂന്നിന് ജോലിയിൽ പ്രവേശിച്ചു.
ചാത്തമംഗലം പഞ്ചായത്തിലെ 18-ാം വർഡിൽപ്പെട്ടതാണ് ഈ ചെറുഗ്രാമം. റോഡിനൊരുഭാഗം വെള്ളനൂർ വെസ്റ്റ്. മറുഭാഗം കൂഴക്കോട്. എന്തുകൊണ്ട് ഇത്രയുംപേരെന്ന് ചോദിച്ചാൽ നാലുപതിറ്റാണ്ടുമുൻപ് ഗ്രാമത്തിൽനിന്ന് സർക്കാർ സർവീസിൽ കയറി വിരമിച്ച ഒ.കെ. ജനാർദനൻ പറയുന്നതിങ്ങനെ: ‘‘കുട്ടികളുടെ മികവ്, ഒപ്പം ഞങ്ങളുടെ സാംസ്കാരിക കൂട്ടായ്മകൾ നൽകുന്ന തണലും’’.
മണ്ണിനെയും മനുഷ്യനെയും അറിയുന്ന ആറു സാംസ്കാരിക കൂട്ടായ്മകളാണ് ഈ പ്രദേശത്തുള്ളത്. ഉപാസന വായനശാല, കർഷക തിേയറ്റേഴ്സ്, യുവ ക്ലബ്, ഇഷ്ടികബസാർ സൗഹൃദക്കൂട്ടായ്മ, തരംഗം, സർഗ എന്നിവയാണിവ. ഇതിനുപുറമേ അഞ്ചു റെസിെഡന്റ്സ് അസോസിയേഷനുകളും കുടുംബശ്രീയും പുരുഷ സ്വാശ്രയസംഘങ്ങളും. ഗ്രാമത്തിലെ എല്ലാവരും നല്ല വായനക്കാരാണെന്ന് ഉപാസന വായനാശാല സെക്രട്ടറി പി. ശ്രീകുമാർ സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷാ പരിശീലനവും ഉദ്യോഗാർഥികൾ ഒത്തുചേർന്നുള്ള കമ്പൈൻസ്റ്റഡിയും അവധിക്കാല ക്യാന്പുമെല്ലാം വേറെയുമുണ്ട്. പരിശീലനത്തിന് നേതൃത്വം നൽകുന്നത് നാട്ടുകാർതന്നെ.