100 കടന്ന് ബീൻസും പയറും വെളുത്തുള്ളിയും; അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു

#ന്യൂസ് ഡെസ്ക്
ചാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍നിന്നുള്ള ദൃശ്യം
ചാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസും പയറും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ബീൻസിനും പയറിനും വില കിലോയ്ക്ക് 100 രൂപ കടന്നു. ചെറിയ ഉള്ളിയും നൂറുതൊട്ടു. വെളുത്തുള്ളിയുടെ വിലയാകട്ടെ 220 രൂപയായി ഉയർന്നു. ഒരുമാസത്തിനിടെ പലതവണ വില വർധിച്ചതോടെ പച്ചക്കറി വാങ്ങാൻപോലും കൂടുതൽ പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ.

ഉത്സവകാലമല്ലാതിരുന്നിട്ടും പച്ചക്കറികൾക്ക് വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറികളുടെ വിലയിൽ രണ്ടാഴ്ചയ്ക്കിടെതന്നെ വലിയ വർധനയുണ്ടായി. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. പച്ചക്കറിയുടെ വലുപ്പവും ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടെങ്കിലും പൊതുവേ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് ഒരുപോലെയാണ്.

കേരളത്തിലെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളതാണ്. ഈ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും മഴക്കെടുതിയും പച്ചക്കറിവരവിനെ ബാധിച്ചതായാണ് വിലയിരുത്തൽ. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില ഉയരുകയായിരുന്നു. വരവിലുണ്ടാകുന്ന കുറവും വിലയിലെ ഏറ്റക്കുറച്ചിലുകളും സംസ്ഥാനത്തെ പച്ചക്കറിവിപണിയിൽ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ആവശ്യത്തിന് പച്ചക്കറി ലഭിക്കാത്ത സാഹചര്യത്തിൽ വില ഇനിയും ഉയർന്നേക്കും.

ബീൻസിന്റെയും പയറിന്റെയും ചെറിയ ഉള്ളിയുടെയും വിലയിലുണ്ടായ വർധന സാധാരണക്കാരെ കൂടുതൽ ബാധിക്കുന്നതാണ്. പതിവായി വാങ്ങുന്ന പച്ചക്കറികൾക്കുപോലും ഉയർന്ന തുക നൽകേണ്ടിവരുന്നത് കുടുംബചെലവുകൾ വർധിപ്പിക്കുന്നു.

വരുംദിവസങ്ങളിൽ ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ കണക്കുകൂട്ടൽ. വിലക്കയറ്റം തുടരുകയാണെങ്കിൽ വിൽപ്പനയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. വില ഉയരുന്നതോടെ ഉപഭോക്താക്കൾ വാങ്ങുന്ന അളവ് കുറയ്ക്കാനുള്ള സാധ്യതയും കച്ചവടക്കാരെ ആശങ്കപ്പെടുത്തുന്നു.

അതേസമയം, തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾക്ക് താരതമ്യേന വില വർധിക്കാത്തത് വ്യാപാരികൾക്ക് ആശ്വാസമാണ്. എന്നാൽ പ്രധാന പച്ചക്കറികൾക്കെല്ലാം ഒരുമിച്ച് വില ഉയരുന്ന സാഹചര്യമാണുള്ളത്. പച്ചക്കറിവിലയിൽ എപ്പോൾ കുറവുണ്ടാകുമെന്ന കാത്തിരിപ്പിലാണ് സാധാരണക്കാർ.

പച്ചക്കറി വില (നിലവിലെ വില, ഒരു കിലോ), രണ്ടാഴ്ച മുൻപുള്ള വില

ബീൻസ്- 120, 90

പയർ- 140, 100

ചെറിയ ഉള്ളി- 100, 60

വെളുത്തുള്ളി- 220, 210

മുളക് -70, 45

കാരറ്റ്- 80, 60

നെല്ലിക്ക- 100, 90

പാവയ്ക്ക - 100, 70

സാലഡ് വെള്ളരി -70, 40

മാങ്ങ- 140, 80

Content Highlights: Kerala's vegetable prices rise due to supply issues from other states. Floods and rains affect availability, leading to increased consumer costs.