വീരപ്പൻ പറഞ്ഞു, 'ഇരുപതുപേരെ ചുട്ടാച്ച് അണ്ണാച്ചീ'; അരുംകൊലകൾക്ക് സാക്ഷി, ഓർത്തെടുത്ത് തിരൂർ സ്വദേശി

#വിമൽ കോട്ടയ്ക്കൽ
വീരപ്പന്‍(ഫയല്‍ചിത്രം, ഇടത്ത്) വീരപ്പന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട കഥപറയുന്ന മണ്ണുങ്ങല്‍ ശിവദാസന്‍(വലത്ത്) | ഫോട്ടോ: എഎഫ്പി & അജിത് ശങ്കരന്‍/ മാതൃഭൂമി
വീരപ്പന്‍(ഫയല്‍ചിത്രം, ഇടത്ത്) വീരപ്പന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട കഥപറയുന്ന മണ്ണുങ്ങല്‍ ശിവദാസന്‍(വലത്ത്) | ഫോട്ടോ: എഎഫ്പി & അജിത് ശങ്കരന്‍/ മാതൃഭൂമി

തിരൂർ(മലപ്പുറം): കൂടെവന്നാൽ ഓരോരുത്തർക്കും പത്തുലക്ഷം രൂപ തരാമെന്ന് വീരപ്പൻ, ഇരുപതുലക്ഷം തന്നാലും താനില്ലെന്ന് ശിവദാസൻ. അതോടെ വീരപ്പൻ കണ്ണുരുട്ടി, മീശചുരുട്ടി, തോക്ക് തടവി. അനുസരണയുള്ള ആട്ടിൻകുട്ടികളെപ്പോലെ എട്ടുപേരും വീരപ്പൻസംഘത്തോടൊപ്പം കാട്ടിനുള്ളിലേക്ക്...

കാട്ടുകൊള്ളക്കാരനായിരുന്ന വീരപ്പന്റെ പിടിയിൽ അഞ്ചുമാസം കഴിഞ്ഞുകൂടിയ കലുഷിതകാലം ഓർത്തെടുക്കുകയായിരുന്നു തിരൂർ പുതിയങ്ങാടി പൂക്കൈതയിലെ ഉണ്ണുങ്ങൽ ശിവദാസൻ. അഞ്ചുമാസം വീരപ്പന്റെകൂടെയും അതുകഴിഞ്ഞ് അഞ്ചുമാസം കർണാടക പോലീസിന്റെയും കൂടെ കഴിഞ്ഞത് ഇന്നലെ കഴിഞ്ഞപോലെ അറുപത്തെട്ടുകാരനായ ശിവദാസന്റെ മനസ്സിലുണ്ട്.

പെട്ടത് ചന്ദനക്കടത്തിനിടെ

1992-93 കാലത്ത്, ഭാര്യയോട് തെറ്റിപ്പിരിഞ്ഞാണ് ശിവദാസൻ സുൽത്താൻബത്തേരിയിലേക്ക് പോകുന്നത്. കൈയിലുണ്ടായിരുന്നത് 5000 രൂപ. പുയ്യപ്പള്ളി ലോഡ്ജിലായിരുന്നു താമസം. അവിടെ കിട്ടിയത് രണ്ട് ചന്ദനഫാക്ടറികൾക്കായി ചന്ദനം വെട്ടിക്കൊണ്ടുവരുന്ന ജോലി. എന്നാൽപിന്നെ അങ്ങനെത്തന്നെ എന്നുകരുതി പണിക്കുകയറി. വേറേയും ഏഴു മലയാളികൾകൂടിയുണ്ടായിരുന്നു. നാലുതവണ ചന്ദനം താഴെയെത്തിച്ചു. ഓരോതവണയും 40,000 രൂപവീതം കിട്ടി. അഞ്ചാംതവണ സത്യമംഗലം കാട്ടിലായിരുന്നു. വണ്ണാരിയമ്മൻ കോവിലിന്റെ പടിഞ്ഞാറുഭാഗത്ത് എണ്ണട്ടിൻ മുറിച്ച് അതിൽ ഭക്ഷണം പാചകംചെയ്യുന്നതിനിടെ കാട്ടിനുള്ളിൽനിന്ന് ഒരു സംഘം വരുന്നു.

മുന്നിൽ ഒരു കൊമ്പൻ മീശക്കാരൻ. കൈയിൽ തോക്കുണ്ട്. കൂടെ ഏഴുപേരും. കാട്ടുകൊള്ളക്കാരൻ വീരപ്പൻ! കണ്ടപ്പോഴേ എല്ലാവർക്കും ആളെ മനസ്സിലായി. അതോടെ ഓടിരക്ഷപ്പെടാനായി ശ്രമം. ഓടരുതെന്ന് മുന്നറിയിപ്പുവന്നു.

വീരപ്പൻ ചോദിച്ചു, ''നീങ്ക തമിഴ്നാട് സി.ഐ.ഡി.യാ.. കർണാടക സി.ഐ.ഡി.യാ...'' ശിവദാസനും സംഘവും പറഞ്ഞു, ഞങ്ങൾ ഒരു സി.ഐ.ഡി.കളുമല്ല, ജീവിക്കാൻവേണ്ടി ഈ പണി ചെയ്യുന്നതാണ്. 'എന്നാൽ ഞങ്ങളുടെകൂടെ വരുക' എന്നായി ആവശ്യം. അങ്ങനെയാണ് നിവൃത്തിയില്ലാതെ എല്ലാവരും കൂടെപ്പോയത് -ശിവദാസൻ ഓർക്കുന്നു.

പിന്നെ അഞ്ചുമാസത്തോളം വീരപ്പന്റെകൂടെ കൊടുംകാട്ടിനുള്ളിൽ. അവർക്ക് ഭക്ഷണമുണ്ടാക്കുക, പറയുന്നസമയത്ത് പറയുന്നിടങ്ങളിൽ കാവൽ നിൽക്കുക എന്നതൊക്കെയാണ് ജോലി. ഇടയ്ക്ക് വീരപ്പന്റെ താടിയൊന്ന് വടിക്കണം. രാഗിയുടെ പൊടികൊണ്ടുള്ള മുദ്ദയും മാനിറച്ചിയുമൊക്കെയായിരുന്നു പ്രധാന ഭക്ഷണം. ബേബി വീരപ്പനും സഹായിക്കും. അവരുടെ ജോലിയാണെങ്കിൽ ആനവേട്ടയും ചന്ദനക്കടത്തും.

കൊലകൾക്കും നിശ്ശബ്ദസാക്ഷിയായി

ഇടക്കിടയ്ക്ക് താവളം മാറും. ഒരുദിവസം നടക്കുന്നതിനിടെ വീരപ്പൻ സംഘത്തിലെ മേക്കാൻ രംഗസ്വാമി പരിഭ്രാന്തിയോടെ വിളിച്ചുപറഞ്ഞു; പോലീസ്, പോലീസ്...നോക്കുമ്പോൾ താഴെ പോലീസ് സംഘമുണ്ട്. ശിവദാസനെയും സംഘത്തെയും മറ്റൊരുവഴിയിലൂടെ വിട്ട് വീരപ്പനും സംഘവും പോലീസിനെ ലക്ഷ്യമാക്കി പോയി. ഒരുമണിക്കൂറിനു ശേഷം ഇരുസംഘവം ഒരുമിച്ചു. അപ്പോൾ വീരപ്പൻ പറഞ്ഞു, ''ഇരുപതുപേരെ ചുട്ടാച്ച് അണ്ണാച്ചീ...ധൈര്യമേ ലക്ഷ്മി''.

മറ്റൊരു ദിവസം വീരപ്പന്റെ താവളം പോലീസിന് ചോർത്തിക്കൊടുത്ത ഗ്രാമീണരുടെ വീട്ടിൽക്കയറി അഞ്ചുപേരെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്ന സംഭവം ശിവദാസൻ വേദനയോടെ ഓർമ്മിച്ചു. ''ഓരോരുത്തരുടേയും കൈ കെട്ടാൻ എന്നോടാണ് ആവശ്യപ്പെട്ടത്. നിന്നനിൽപ്പിൽ വെടിവെച്ചു. അതിലൊരാൾ പിന്നീട് രക്ഷപ്പെട്ടു. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്''.

എസ്.പി.യെ തട്ടിക്കൊണ്ടുപോയി

വലിയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു അത്. അഞ്ചുമാസം കഴിഞ്ഞപ്പോൾ തങ്ങളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചപ്പോൾ വീരപ്പൻ പറഞ്ഞു; ഒരു പണികൂടിയുണ്ട്. തമിഴ്നാട്ടിലെ ചിദംബരനാഥ് എസ്.പി.യെ തട്ടിക്കൊണ്ടുവരണം. കോയമ്പത്തൂർ-ഊട്ടി റോഡിൽ കാന്തവയലിൽ വരാറുണ്ട്. അയാളെ തട്ടിക്കൊണ്ടുവന്ന് ജയലളിതയുമായി ഒരു സന്ധിസംഭാഷണം നടത്തണം. അങ്ങനെ എസ്.പി. പോയവഴിയിൽ റോഡിലിറങ്ങി വരുന്നവഴിയിൽ കല്ലിട്ട് തടഞ്ഞു. ശിവദാസന് നൽകിയ ജോലി വണ്ടി നിർത്തിയാലുടൻ എസ്.പി.യുടെ കൈയിലെ തോക്ക് വലിച്ചെറിഞ്ഞ് കൈ പിന്നിലേക്കുവെച്ചുകെട്ടുക എന്നതായിരുന്നു. പറഞ്ഞതുപ്രകാരംതന്നെ ചെയ്തു. ഉടൻ വീരപ്പനും സംഘവുമെത്തി അദ്ദേഹത്തെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയുംചെയ്തു. അയാളെവെച്ച് ചർച്ച നടത്തിയെങ്കിലും പൊളിഞ്ഞു.

രക്ഷപ്പെട്ട കഥ

നക്കീരൻ ഗോപാലനുമായുള്ള അഭിമുഖത്തിനുവേണ്ടി വീരപ്പനും സേത്തുക്കുളി ഗോവിന്ദനും കാടിറങ്ങിയ സമയത്താണ് എസ്.പി. ചിദംബരനാഥും തങ്ങളുമെല്ലാം രക്ഷപ്പെട്ടതെന്ന് ശിവദാസൻ പറയുന്നു. കാടിനു പുറത്തെത്തിയപ്പോൾ ഒരു വീട്ടിൽക്കയറി എസ്.പി. അവിടെയുള്ളയാളോടുപറഞ്ഞ് തങ്ങൾ മൂന്നുപേർക്കും 500 രൂപവീതം തന്നു. അവിടെനിന്ന് കാന്തിപുരത്തേക്കും പിന്നെ ഉക്കടത്തേക്കും ബസ് കയറി.

ശിവദാസൻ അവിടെ ലോറിത്തെരുവിൽ ലോറിയിൽ ഡ്രൈവറായി നിന്നു. ലോഡുമായി ആന്ധ്രയിലേക്കും മുംബൈയിലേക്കും വീണ്ടും കോയമ്പത്തൂരിലേക്കുമെല്ലാം വന്നു. അതിനിടെ കർണാടക പോലീസ് വിവരമറിഞ്ഞ് ശിവദാസനെയും സംഘത്തെയും തിരയുന്നുണ്ടായിരുന്നു. അവസാനം ശിവദാസൻ അവരുടെ കൈയിൽപെട്ടു.

എസ്.പി. വാവാമുഹമ്മദ് ശിവദാസനോട് പറഞ്ഞത് ഇതായിരുന്നു; 'നിങ്ങളെ ഇവിടെവെച്ച് വെടിവെച്ചുകൊന്നാൽ ആരും ഒന്നും പറയില്ല. ഞങ്ങളെ സഹായിച്ചാൽ നിങ്ങൾക്കും രക്ഷപ്പെടാം. അറിയുന്നതെല്ലാം പറയുക'. അങ്ങനെ അഞ്ചുമാസത്തോളം അവരുടെ ചാരനായി. മാസം 12,000 രൂപ തരും. വീരപ്പന്റെകൂടെ നിന്നകാലത്ത് തോക്കുകളും ഗ്രനേഡുകളുമെല്ലാം ഉപേക്ഷിച്ച സ്ഥലങ്ങൾ ഓർമ്മയിലുള്ളത് കാണിച്ചുകൊടുത്തു.

അതെല്ലാം അവർ പിടിച്ചെടുത്തു. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ തന്നെ വിട്ടയക്കുകയും ചെയ്‌തെന്ന് ശിവദാസൻ പറഞ്ഞു. ഇപ്പോൾ പൂക്കൈതയിൽ വളം കച്ചവടംചെയ്ത് ജീവിക്കുകയാണ് അദ്ദേഹം.

Content Highlights: First-hand account of being held captive by the infamous sandalwood smuggler Veerappan., Details of the forced labor and life inside the Sathyamangalam forest., The harrowing experience of witnessing the abduction of an SP., Sivadasan's eventual escape and subsequent interrogation by Karnataka police., Life after the ordeal: Sivadasan's transition to a quiet life in Tirur.