വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷ; ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ഉമാ തോമസ് എംഎല്‍എയുടെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി റിനൈ മെഡിസിറ്റിയില്‍ എത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മകന്‍ വിഷ്ണുവുമായി സംസാരിക്കുന്നു.
ഉമാ തോമസ് എംഎല്‍എയുടെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി റിനൈ മെഡിസിറ്റിയില്‍ എത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മകന്‍ വിഷ്ണുവുമായി സംസാരിക്കുന്നു.

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ഉമ തോമസിനെ സന്ദര്‍ശിച്ച്  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഉമ തോമസ് ചികിത്സയില്‍ തുടരുന്ന റിനൈ മെഡിസിറ്റിയില്‍ എത്തിയാണ് മന്ത്രി സന്ദര്‍ശിച്ചത്. 

മന്ത്രി വീണാ ജോര്‍ജ്, ഉമ തോമസിന്റെ മകന്‍ വിഷ്ണുവുമായി സംസാരിച്ചു. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഉമാ തോമസ് മറ്റുള്ളവരുടെ സഹായത്തോടെ കസേരയില്‍ ഇരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തി വരികയാണ്. വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡും ചര്‍ച്ചചെയ്താണ് ട്രീറ്റ്മെന്റ് പ്ലാന്‍ ഏകോപിപ്പിക്കുന്നത്. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നതായി സംഘം അറിയിച്ചു. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല.

അന്‍വര്‍ സാദത്ത് എംഎല്‍എ, എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Content Highlights: Minister Veena George visits Uma Thomas MLA