പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് ആരോഗ്യമന്ത്രി, മൊഴി പരാതിക്ക് വിരുദ്ധം

കണ്ണൂർ: കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആരോഗ്യമന്ത്രിയെ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അന്വേഷണസംഘത്തിന് മന്ത്രി മൊഴി നൽകിയത്. ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കയറാനെത്തിയ മന്ത്രിയെ കരിങ്കൊടി കാണിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും അഞ്ച് കെ.എസ്.യു. പ്രവർത്തകർ കഴുത്തിന് ആക്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ മന്ത്രി കണ്ണൂർ ജില്ലാ ആസ്പത്രിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. മന്ത്രിയുടെ സുരക്ഷാജീവനക്കാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ പരാതിക്ക് വിരുദ്ധമാണ് മന്ത്രിയുടെ മൊഴി.
സംഭവം നടന്ന് രണ്ടുമാസം പൂർത്തിയാകുമ്പോഴാണ് കേസ് കെട്ടിച്ചമച്ചതാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്ന തരത്തിൽ മന്ത്രി മൊഴി നൽകിയത്. കേസന്വേഷിക്കുന്ന കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സുധീർ മനോഹർ ആണ് പത്തനംതിട്ടയിലെ മന്ത്രിയുടെ വീട്ടിലെത്തി കഴിഞ്ഞദിവസം മൊഴിയെടുത്തത്.
മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകുകയുള്ളൂവെന്ന് പോലീസ് നേരത്തേ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആയുധം കൊണ്ട് ആക്രമിച്ചിട്ടില്ലെന്ന് മന്ത്രിയുടെ സുരക്ഷയ്ക്കായി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിലും കണ്ടെത്താനായിരുന്നില്ല.
കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, ഭാരവാഹികളായ വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടാഴ്ച റിമാൻഡിലായിരുന്നു. മന്ത്രിക്കുനേരേയുള്ള വധശ്രമം വലിയ പ്രതിഷേധത്തിനിടയാക്കുകയും പലയിടത്തും അക്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതിയായ ബിതുൽ ബാലന്റെ വടകരയിലെ വീടിനുനേരേ ബോംബേറുമുണ്ടായി. വധശ്രമത്തിന് തെളിവില്ലാത്തതിനാൽ കുറ്റപത്രത്തിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
Content Highlights: Health Minister Veena George clarified that her injury was caused by a scuffle during a KSU protest., The incident occurred on February 25 at the Kannur Railway Station., Police investigation initially suspected an assassination attempt, but evidence contradicts this., The case against KSU workers may see charges dropped due to lack of proof regarding the alleged weapon attack.