അൻവർ-മുഖ്യമന്ത്രി പോര് കാലത്തിന്റെ കാവ്യനീതി, DCC ട്രഷററുടെ മരണം പാർട്ടി അന്വേഷിക്കുന്നു- VD സതീശൻ

വി.ഡി സതീശന്‍
വി.ഡി സതീശന്‍

തിരുവനന്തപുരം: അന്‍വറിനെക്കൊണ്ട് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേ പിണറായി വിജയനെതിരെ അന്‍വര്‍ ഇനി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ? അതാണ് കാലത്തിന്റെ കാവ്യനീതി. അത് സംഭവിച്ചു കഴിഞ്ഞുവെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. രാഷ്ട്രീയമായ തീരുമാനം രാഷ്ട്രീയമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കും. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഓരോ ചാനലുകളും ഓരോ ദിവസവും ഓരോരുത്തരെ യു.ഡി.എഫിലേക്ക് എടുക്കുകയാണ്. ഒരു ദിവസം അന്‍വറിനെയും ഒരു ദിവസം ജമാഅത്ത് ഇസ്ലാമിയെയും ഒരു ദിവസം ജോസ് കെ. മാണിയെയും എടുത്തു. അതെങ്കിലും തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് വിട്ടു തരണമെന്നതാണ് മാധ്യമങ്ങളോടുള്ള അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ഡി.സി.സി ട്രഷററുടെ മരണം സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് കുടുംബാംഗങ്ങള്‍ കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരോട് തന്നെ വിശദമായി ചോദിച്ചറിഞ്ഞു. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ആ കത്ത് എന്റെ കയ്യില്‍ കിട്ടി. പറവൂരിലെ ഓഫീസില്‍ വന്നാണ് കത്ത് നല്‍കിയതെന്നു സതീശന്‍ വ്യക്തമാക്കി. 

പാര്‍ട്ടിയിലെ എല്ലാവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് അവരോട് പറഞ്ഞത്. പക്ഷെ, ഇപ്പോള്‍ കത്ത് പുറത്തുവന്നു. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ അതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയ ചുമതലപ്പെടുത്തി. ആ കമ്മിറ്റി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ബാലിശമാണെന്നും സതീശന്‍ പറഞ്ഞു.  

കത്തുമായി എത്തിയപ്പോള്‍ ഞാന്‍ മോശമായി പെരുമാറിയിട്ടില്ല. ക്ലാരിറ്റി ഇല്ലെന്ന് ഞാന്‍ പറഞ്ഞെന്നൊണ് അവര്‍ പറഞ്ഞത്. അത് ശരിയാണ്. കത്തിലെ ചില ഭാഗങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല. അതേക്കുറിച്ച് വ്യക്തത വരുത്തി. അവരുടെ മുന്നില്‍ വച്ചാണ് മുഴുവന്‍ വായിച്ചു നോക്കിയത്. മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

സര്‍വകലാശാല വി.സിമാരെ കണ്ടെത്തുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് നല്ലതല്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഉള്ളപ്പോള്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്താനുള്ള അന്തരീക്ഷമാണ് ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പല ഗവര്‍ണര്‍മാരും ചെയ്യുന്നത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യു.ജി.സി ഭേദഗതി. അത് ശരിയല്ല. ഈ സാഹചര്യത്തില്‍ വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തേക്കുറിച്ച് കേരളം ആലോചിക്കണമെന്നും സതീശന്‍ പറഞ്ഞു.

Content Highlights: vd satheeshan about pv anwar and dcc treasurer suicide wayanad