'ഞങ്ങൾ വെല്ലുവിളിക്കാറില്ല, ഇത് സഹികെട്ടിട്ടാണ്; ഈ പോലീസുകാർ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല'

വി.ഡി. സതീശൻ  | Photo: Screengrab/ https://www.facebook.com/VDSatheeshanParavur
വി.ഡി. സതീശൻ | Photo: Screengrab/ https://www.facebook.com/VDSatheeshanParavur

കുന്നംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച പോലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത പ്രതികരണമായിരിക്കും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 

സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാർട്ടിയല്ല കോൺഗ്രസ്. പാർട്ടിക്ക് ഒരു ഫ്രെയിം ഉണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ അതുവിട്ട് പ്രതികരിക്കും. പുറത്തുവന്ന ദൃശ്യങ്ങൾ കണ്ട് സഹിക്കാൻ പറ്റുന്നില്ല. ദൃശ്യം കണ്ടപ്പോൾ എന്താണ് മനസ്സിലുള്ള വികാരം, അതനുസരിച്ച്, അതിന് ആനുപാതികമായുള്ള പ്രതികരണം ഉണ്ടാകും. അതിൽ ഒരു തർക്കവുമില്ല.

കേരളത്തിലെ പോലീസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്. ആ സംഘമാണ് ഉദ്യോഗസ്ഥരെ മുഴുവൻ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. ഈ മോൻ ആയിരിക്കണം അവസാനത്തെ ഇര. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാൻ പാടില്ല. വലിയ കൊലപാതകികളും ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. അവരോട് ഒന്നും പോലീസിന് ഈ മനോഭാവം അല്ല. വിഷയത്തിൽ സർക്കാർ നേരത്തെ എടുത്ത സ്റ്റാൻഡ് തന്നെയാണ്, നടപടി ഇല്ല എന്നാണെങ്കിൽ ഇവരാരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് വളരെ എളുപ്പമാണ്. ആരും വീട്ടിൽനിന്ന് പുറത്തിറങ്ങില്ല. കാക്കി വേഷം ധരിച്ച് ഇനി ഇവർ പോലീസിൽ ജോലി ചെയ്യാം എന്നു കരുതണ്ട. ഞങ്ങൾ ജയിലിൽ പോയാലും അത് നടക്കില്ല. ഇത്രയൊന്നും സാധാരണ ഞങ്ങൾ പറയാറില്ല. ഞങ്ങളാരും ആരേയും വെല്ലുവിളിക്കാറില്ല. ഇങ്ങനെയൊന്നും ചെയ്യുന്ന ആളുകളല്ല. സഹികെട്ടിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്, വി.ഡി. സതീശൻ പറഞ്ഞു. 

2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച് മർദിച്ചത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദനദൃശ്യങ്ങള്‍ സുജിത്തിന് ലഭിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരേ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Content Highlights: Kerala Police Brutality: Opposition Leader Threatens Unprecedented Action Against Officers