വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേത്; സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയെന്നും വി.ഡി. സതീശന്

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നത്. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആരോപണ മുനയിലുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സതീശന് ആരോപിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാസുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അറസ്റ്റിലേക്ക് നീങ്ങുന്നില്ല. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്നും സതീശന് പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്നും സതീശന് പറഞ്ഞു. പോക്കറ്റടിച്ച പേഴ്സ് കീശയിലുള്ളപ്പോള്‍ ആ ആള് തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരേ സതീശൻ രൂക്ഷവിമർശനമുന്നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം തകര്‍ന്നതിലെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവം. കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. സിസ്റ്റം തകരാറിലാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ആ സിസ്റ്റം തകരാറിലാക്കിയതിന്റെ പ്രധാന ഉത്തരവാദി ആരോഗ്യ മന്ത്രി തന്നെയാണെന്നും സതീശന് പറഞ്ഞു.
ആറ് ദിവസം വേണു ആശുപത്രിയില്‍ കിടന്നിട്ടും ആരും ഗൗനിച്ചില്ല. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങി പോകണം. അപകടകരമായ രീതിയിലേക്കാണ് ആരോഗ്യരംഗം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ മാത്രമല്ല എല്ലായിടത്തും പ്രശ്നമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസ്ഥ ദയനീയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലെന്നാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത്. പക്ഷേ, ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല. മരുന്ന് വാങ്ങിയ പൈസ പോലും കമ്പനികള്‍ക്ക് കൊടുക്കുന്നില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിയിടുന്നു. 2000 രൂപ കൊടുക്കാന്‍ 2000 കോടി കടമെടുക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന് ചൂണ്ടിക്കാട്ടി.
പിഎം ശ്രീയില്‍ കേന്ദ്രത്തിനു കത്തയക്കാം എന്നുപറഞ്ഞ് സിപിഐയെ പറ്റിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്റ്റെനോഗ്രാഫര്‍ ഇല്ലെങ്കില്‍ ഇവിടെനിന്ന് അയക്കാമെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് മുന്നണിയില്‍ ഉള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും സതീശന് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടകകക്ഷി അല്ല. ഇത് പലതവണ പറഞ്ഞതാണ്. അവരുടെ പിന്തുണ സ്വീകരിച്ചു എന്നേ ഉള്ളൂ. ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പം 30 കൊല്ലം പ്രവര്‍ത്തിച്ചതാണ്. എന്ന് മുതലാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി ആയതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Opposition Leader VD Satheesan criticizes the Kerala government over the Sabarimala gold scam and the failing health sector, demanding accountability from the CM and Health Minister