മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എ.മാർക്കും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. നടൻ മമ്മുട്ടി സർപ്രൈസായി ചടങ്ങിനെത്തി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. നടൻ കൂഞ്ചാക്കോ ബോബനും പരിപാടിക്കെത്തിയിട്ടുണ്ട്. മികച്ച നേതൃത്വം നൽകാൻ സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിച്ചു. സതീശനെ പൊന്നാട അണിയിക്കുകയും ചെയ്തു.
'ഞാൻ പഠിച്ച കോളേജിൽ സതീശൻ പഠിച്ചിട്ടുണ്ട്. ഞാൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണ്' മമ്മൂട്ടി പറഞ്ഞു.
പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, എം.എൽ.എ.മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമാതോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്ക് സ്വീകരണം നൽകും. ജില്ലയിൽ നിന്നുള്ള ആറന്മുള എം.എൽ.എ. അബിൻ വർക്കി, പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടി എന്നിവർക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലമായ പറവൂരിൽ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്. നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കുന്നത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരാവലിയുടെ ആദരം നടൻ മോഹൻലാൽ സമർപ്പിക്കും. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും ചടങ്ങിൽ പങ്കെടുക്കും.
2,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്. വേദിക്ക് 60 അടി നീളവും 40 അടി വീതിയുമുണ്ട്. നേരത്തേ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 300 പേർക്ക് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം നൽകും.