‘അവർ മുടി മുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, കണ്ണു നിറഞ്ഞു’- LPST പ്രതിഷേധത്തിൽ മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്ന വളർമതി, മുഖ്യമന്ത്രി വി.ഡി. സതീശൻ | Photos: PTI, Mathrubhumi
തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്ന വളർമതി, മുഖ്യമന്ത്രി വി.ഡി. സതീശൻ | Photos: PTI, Mathrubhumi

തിരുവനന്തപുരം: പി.എസ്.സി. നിയമനം നടപ്പാക്കാത്തതിൽ എൽ.പി.എസ്.ടി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥിയായ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച സംഭവം തന്നെ വിഷമിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി. ഒരു പെൺകുട്ടിയല്ലേയെന്നും അതു കണ്ടപ്പോൾ കണ്ണു നിറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് പ്രതിഷേധക്കാരോട് സംസാരിക്കാൻ തയ്യറായിട്ടില്ലെന്നും സെക്രട്ടേറിയറ്റിലേക്ക് കേറാൻ പറ്റുമായിരുന്നോയെന്നും അദ്ദേഹം വിമർശിച്ചു. അവരുമായി ഇനിയും ചർച്ച ചെയ്യണമെങ്കിൽ അതു ചെയ്യുമെന്നും സർക്കാരിന് സമരം ചെയ്യുന്നവരോട് ഒരു പിടിവാശിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ സർക്കാരിനെ പോലെ സമരം നടത്തുന്നവരെ അവഗണിക്കുന്ന സമീപനമല്ല ഈ സർക്കാർ എടുത്തത്. എട്ട് പ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി എൽ.പി.എസ്.ടി. സമരക്കാരുമായി ചർച്ച ചെയ്തു. രണ്ട് പ്രാവശ്യം താൻ ചർച്ച ചെയ്തു. എന്നിട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി പോയി സമരം മാറ്റിവയ്ക്കണമെന്ന റിക്വസ്റ്റ് കൊടുത്തു. അഞ്ച് പോയിന്റാണ് അവർ പറയുന്നത്. അതിൽ നാലു കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തും റേഷ്യോ കുറയ്ക്കാനാവില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽ.പി.എസ്.ടിയുടെ റേഷ്യോ കുറച്ചാൽ പുതിയ തസ്തികൾ സൃഷ്ടിക്കേണ്ടി വരും. എൽപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിച്ചാൽ യുപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിക്കേണ്ടി വരും. എച്ച്എസ്ടിയ്ക്ക് വേണ്ടി വരും. സർക്കാർ സ്കൂളുകളിൽ കൂട്ടിക്കഴിഞ്ഞാൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകൾ മുഴുവൻ ആവശ്യപ്പെടും. ഗവൺമെന്റ് സ്‌കൂളിൽ ഒരു റേഷ്യോയും എയ്ഡഡ് സ്‌കൂളിൽ മറ്റൊരു റേഷ്യോയും വന്നാൽ അവർ കോടതിയിൽ പോകും. അപ്പോൾ അവർക്കും അനുവദിക്കേണ്ടി വരും. അങ്ങനെ റേഷ്യോ കുറച്ച് തസ്തിക സൃഷ്ടിക്കാവുന്ന ഒരു ധനസ്ഥിതിയിൽ അല്ല കേരളം. നല്ലൊരു സ്ഥിതി വരുമ്പോൾ ആലോചിക്കാം. അവരെ നിഷേധിച്ചിട്ടില്ല, പരിമിതികളാണ് കാരണം. അത് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണാപത്രത്തിൽനിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിൻമാറാനാകില്ല. അങ്ങനൊരു നിബന്ധന അതിലുണ്ട്. ധാരണപത്രത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ അധികാരമുള്ളൂ. അതിപ്പോഴും നിലനിൽക്കുകയാണ്. നിലവിൽ പി.എം ശ്രീ സംബന്ധിച്ചുള്ള കാര്യങ്ങൾ ഉപസമിതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.