സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവർഷം ജയിലിലടയ്ക്കും -വി.ഡി. സതീശൻ

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

കൊല്ലം: സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവർഷം ജയിലിലടയ്ക്കുമെന്ന് മുഖ്യമന്ത്രി  വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമകാര്യത്തിൽ കേരളം രാജ്യത്തിനു നല്ല മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിലെ അഗതികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 20 കോടി ചെലവഴിച്ചു നിർമിച്ചുനൽകുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യ മന്ത്രിസഭായോഗത്തിൽ മുതിർന്ന പൗരന്മാർക്കായി രാജ്യത്താദ്യം വകുപ്പ് തുടങ്ങിയ സർക്കാരാണിത്. ഇനി ഭിന്നശേഷിദിനത്തിൽ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിക്കും. രക്ഷിതാക്കളുടെ കാലം കഴിഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികളെ സ്റ്റേറ്റ് സംരക്ഷിക്കും. ഭിന്നശേഷിക്കാരെ നമുക്ക് മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയും. അത്തരമൊരു ചിന്തയിലേക്ക് തന്നെ നയിച്ചിട്ടുള്ളതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഗാന്ധിഭവനെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആമുഖപ്രഭാഷണം നടത്തി. ജ്യോതികുമാർ ചാമക്കാല എം.എൽ.എ., മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ അമൽരാജ് എന്നിവർ പ്രസംഗിച്ചു.

‘എന്റെ കണ്ണുനിറയുകയാണ്...’

ഇവിടെ വന്ന് ഇതെല്ലാം കാണുമ്പോൾ എന്റെ കണ്ണുനിറയുകയാണ്. എന്തൊരു പിതൃഭവനമാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഹാളിൽ എ.സി. വേണമെന്ന് എം.എ. യൂസഫലി എന്നോടു പറഞ്ഞു. അവർ വന്നിരുന്ന് സിനിമയൊക്കെ കാണട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാളാണ് യൂസഫലി -വി.ഡി. സതീശൻ പറഞ്ഞു.

ഭിന്നശേഷിക്കുട്ടികൾക്കായി പുതിയ സ്കൂൾ നിർമിക്കും

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പുതിയ സ്കൂൾക്കെട്ടിടം നിർമിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗാന്ധിഭവനിൽ അദ്ദേഹം നിർമിച്ചുനൽകിയ പിതൃഭവനത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘ഗാന്ധിഭവനിലെ ചെലവുകൾക്കായി ഇപ്പോൾ പ്രതിവർഷം നൽകിക്കൊണ്ടിരിക്കുന്ന ഒരു കോടി രൂപയ്ക്കു പകരം ഇനിമുതൽ ഒന്നരക്കോടി നൽകും. സ്കൂൾക്കെട്ടിട നിർമാണം ഒരു മാസത്തിനകം തുടങ്ങും’-അദ്ദേഹം പ്രഖ്യാപിച്ചു.

ആദ്യമായി ഗാന്ധിഭവൻ സന്ദർശിച്ച ദിവസം രാത്രി താൻ ഉറങ്ങിയില്ലെന്ന് എം.എ. യൂസഫലി പറഞ്ഞു. അമ്മമാരും അച്ഛന്മാരും കട്ടിലിലിരുന്ന് മലമൂത്രവിസർജനം ചെയ്യുന്നതു കണ്ടു. അന്ന് ഗാന്ധിഭവനിൽ ആവശ്യത്തിന് സ്റ്റാഫും സാമ്പത്തികസാഹചര്യവും ഉണ്ടായിരുന്നില്ല. രണ്ടുമൂന്നു ദിവസം ആ കാഴ്ചകൾ മനസ്സിൽ മായാതെ കിടന്നു. അങ്ങനെയാണ് മാതൃഭവനവും ഇപ്പോൾ പിതൃഭവനവും നിർമിച്ചുനൽകുന്നതിലേക്കെത്തിയതെന്ന് എം.എ. യൂസഫലി പറഞ്ഞു.

Content Highlights: Chief Minister V.D. Satheesan announced a three-year jail term for those who neglect parents after acquiring their property, while inaugurating the Rs 20-crore Pithrumandiram built by M.A. Yusuff Ali at Pathanapuram Gandhibhavan.