'കേരളത്തെ നിക്ഷേപസൗഹൃദമാക്കാൻ സർക്കാരിന് പൂർണ പിന്തുണ', പുതിയ പ്രതിപക്ഷ സംസ്കാരമെന്ന് വി.ഡി.സതീശൻ

#സ്വന്തം ലേഖകൻ
വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

കൊച്ചി: കേരളത്തെ നിക്ഷേപസൗഹൃദമാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ പാർട്ടികൾ നിക്ഷേപകർക്ക് അ‌നുകൂലമായ സാഹചര്യം ഒരുക്കുമെന്നും സമ്മിറ്റിലെ അ‌തിഥികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു.

കേരളത്തിൽ ഒരു പുതിയ പ്രതിപക്ഷ സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ നാലു വർഷത്തിൽ ഞങ്ങൾ ഒരു ഹർത്താൽ പോലും നടത്തിയിട്ടില്ല. ഇപ്പോഴത്തെ സർക്കാർ പ്രതിപക്ഷത്ത് എത്തുമ്പോഴും ഈ സംസ്കാരം തുടരണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ വ്യവസായത്തിന് അ‌നുകൂലമായ സാഹചര്യമാണുള്ളത്. രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ്പ് പോളിസി കൊണ്ടുവന്ന സംസ്ഥാനം കേരളമാണ്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഐ.ടി. മേഖലയെ മുന്നോട്ടുനയിച്ചു. കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും വ്യവസായാനുകൂല സംവിധാനങ്ങൾ ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ജിം, എമേർജിങ് കേരള നിക്ഷേപക സംഗമങ്ങൾ വലിയ വിജയമായിരുന്നു.

ഒരുകാലത്ത് കേരളം ട്രേഡ് യൂണിയനുകളുടെ ഇടപെടലിന്റെ പേരിൽ കുപ്രസിദ്ധമായിരുന്നു. ഞാനും വ്യവസായ മന്ത്രിയും ഉൾപ്പെടെയുള്ളവർ നിരവധി ട്രേഡ് യൂണിയനുകളെ നയിച്ചിട്ടുണ്ട്. ഞങ്ങൾ പുതുതലമുറ ട്രേഡ് യൂണിയനുകളുടെ വക്താക്കളാണ്. കഴിഞ്ഞ 15-20 വർഷത്തിനിടെ കേരളത്തിൽ ട്രേഡ് യൂണിയൻ സമരങ്ങൾ ഉണ്ടായിട്ടില്ല. 'നിങ്ങൾ കഠിനാധ്വാനം ചെയ്യൂ, കമ്പനികൾ ലാഭത്തിലാകുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി സംസാരിക്കാം' എന്നാണ് ഞങ്ങൾ പറയുന്നത്. കമ്പനികൾ ലാഭത്തിലാകുമ്പോൾ തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകുന്ന രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത് - പ്രതിപക്ഷനേതാവ് പറഞ്ഞു.

Content Highlights: We support govt to make kerala investment-friendly, says VD Satheesan in Invest Kerala Global Summit