വേദിയിലേക്ക് ഇരച്ചുകയറി നേതാക്കൾ, തിക്കുംതിരക്കും; മാറിനിൽക്കാൻ നിർദേശിച്ച് സതീശൻ; 'അച്ചടക്കം വേണം'

#ന്യൂസ് ഡെസ്‌ക്
പ്രസംഗിക്കുന്നതിനിടെ, വേദിയിൽ നിൽക്കുകയായിരുന്ന പ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
പ്രസംഗിക്കുന്നതിനിടെ, വേദിയിൽ നിൽക്കുകയായിരുന്ന പ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

അടിമാലി: വേദിയിൽ ഒപ്പം നിൽക്കാൻ തിക്കും തിരക്കുമുണ്ടാക്കിയ നേതാക്കളോട് പിന്നോട്ട് മാറിനിൽക്കാൻ കർശന നിർദേശം നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ്. പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണച്ചടങ്ങിലാണ് പ്രതിപക്ഷനേതാവ് നേതാക്കളെ അച്ചടക്കം പഠിപ്പിച്ചത്.

അദ്ദേഹം സംസാരിക്കുന്നതിനിടെ കല്ലാർകുട്ടി റോഡിൽ കെട്ടിയുണ്ടാക്കിയ വേദിയിലേക്ക് യു.ഡി.എഫ്. ജില്ലാ നേതാക്കളും ഇരച്ചുകയറി. ഫോട്ടോഗ്രാഫർമാരുംകൂടിയായപ്പോൾ സ്റ്റേജ് നിറഞ്ഞുകവിഞ്ഞു. ഇതോടെ വലതുവശത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തെ കാണാൻ കഴിയാതെയായി. പൊടുന്നനെ പ്രസംഗം നിർത്തി. 'അങ്ങോട്ട് മാറിനിന്നേ, സംസാരിക്കാതിരിക്ക്, ഈ യോഗത്തിന് അച്ചടക്കം വേണം' അദ്ദേഹം ക്ഷുഭിതനായി.

കുറച്ചുപേർ വേദിയിൽനിന്ന് ഇറങ്ങിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്. ഇതിനിടെ തൊട്ടടുത്ത് റോഡിലൂടെ ബസിൽ യാത്ര ചെയ്യുകയായിരുന്നയാൾ വേദിക്കരികിൽ നിന്ന യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കിച്ചു.

കൂടുതൽ പ്രവർത്തകർ ഇയാൾക്കെതിരേ തിരിഞ്ഞപ്പോൾ ബഹളമേറി. വേദിയിൽ ഇത് കണ്ടുകൊണ്ടിരുന്ന സതീശൻ പ്രവർത്തകരോട് നിശ്ശബ്ദരാകാൻ ആവശ്യപ്പെട്ടു. ബസ് യാത്രികൻ തർക്കം തുടർന്നെങ്കിലും നേതാവിന്റെ ആജ്ഞ ചെവിക്കൊണ്ട അണികൾ അച്ചടക്കം പാലിച്ചത് പ്രശ്‌നം ഒഴിവാക്കി. വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലും വിവാദമായിരുന്നു.

Content Highlights: Opposition leader VD Satheesan sternly instructs leaders to maintain order and discipline at the UDF Puduyuga Yatra reception in Adimali. Learn more about the incident.