ശബരിമല: നിലപാടുമാറ്റം സർക്കാരിന്റെ കുറ്റസമ്മതം, ഞങ്ങളെ പിന്തിരിപ്പന്മാരെന്ന് വിളിച്ചതെന്തിന്- സതീശൻ

ന്യൂഡൽഹി:ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പുരോഗമനവാദികളാണെന്ന് അവകാശപ്പെട്ട സി.പി.എം. പൊതുസമൂഹത്തോടും പ്രതിപക്ഷത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം പിന്തിരിപ്പൻമാരും അവർ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളിൽ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങൾ പറഞ്ഞപ്പോൾ പിന്തിരിപ്പന്മാരാണെന്നാണ് സി.പി.എം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്, സതീശൻ പറഞ്ഞു.
നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിൽ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഇല്ലായിരുന്നു. തുടർച്ചയായി തെറ്റുകൾ സമ്മതിച്ചു എന്നതിന്റെ കുറ്റസമ്മതമാണ് സർക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സർക്കാരും സി.പി.എമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാനെന്നും സതീശൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാരിന് എന്തൊരു സ്പീഡാണെന്നും സതീശൻ പരിഹസിച്ചു. മന്ത്രിസഭായോഗത്തിൽ പിൻവാതിൽ നിയമനങ്ങൾ എല്ലാം സ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. നിയമവിരുദ്ധമായ ഒരു പിൻവാതിൽ നിയമനവും അനുവദിക്കില്ല. മന്ത്രിസഭ തീരുമാനിച്ചാലും നിയമവിരുദ്ധമായതെല്ലാം ജനാധിപത്യ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ റദ്ദാക്കും. അത്തരം ഒരു തീരുമാനങ്ങളും പോകുന്ന പോക്കിൽ എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും സി.പി.എമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നവോത്ഥാന സമിതിയും വൻമതിലും ഉണ്ടാക്കിയതെന്നും സതീശൻ ആരാഞ്ഞു. എന്തിനാണ് ഞങ്ങളെ പിന്തിരിപ്പന്മാർ എന്ന് വിളിച്ചത്? ആ നിലപാട് മാറ്റില്ല എന്ന് പറയാനുള്ള ധൈര്യമില്ല. പത്ത് വർഷമുണ്ടായിട്ടും തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് ഏറ്റവും അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ സത്യവാങ്മൂലം തിരുത്താൻ തീരുമാനം എടുത്തത് ജനങ്ങളെ ഭയന്നാണ്. കഴിഞ്ഞ ആഴ്ച ഈ കേസ് സുപ്രീംകോടതിയിൽ വന്നപ്പോൾ സർക്കാരിന് ഇതേ നിലപാട് അല്ലായിരുന്നല്ലോ. ഇതിനേക്കാൾ വലിയ കീഴ്‌മേൽ മറിച്ചിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിലപാട് മാറ്റാൻ ഇത്രയും സമയം എടുത്തതിന് കേരളം കുറേ വില കൊടുക്കേണ്ടിവന്നെന്നും സതീശൻ പറഞ്ഞു.
കെ. സുധാകരനുമായി സംസാരിച്ചെന്നും അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സതീശൻ പറഞ്ഞു. പാർട്ടിയോട് കൂറും നിലപാടുമുള്ള ആളാണ് കെ. സുധാകരൻ. ജി. സുധാകരന്റെ വിഷയം ഉണ്ടായി സി.പി.എം പ്രതിരോധത്തിൽ നിൽക്കുമ്പോൾ സമാന്തരമായി വേറൊരു സുധാകരന്റെ വിഷയമുണ്ടാക്കി ലഘൂകരിക്കാൻ ശ്രമിക്കേണ്ട. കണ്ണൂരിനെ കുറിച്ചുള്ള വികാരപരമായ അടുപ്പമാണ് കെ. സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം കണ്ണൂരിലെ എം.പിയാണ്. വെള്ളിയാഴ്ച ആയതിനാൽ മിക്ക എം.പിമാരും മടങ്ങിപ്പോയി. മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള വ്യാഖ്യാനം നൽകാമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയെ ആക്രമിച്ചതിന് റിമാൻഡിലായ കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകി. അവർ ഒരു ആയുധവും ഉപയോഗിച്ചിട്ടില്ലെന്ന മൊഴിയാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്. ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്.ഐ.ആർ. ഇല്ലാത്ത കാര്യം പറഞ്ഞ ഉണ്ടെന്നു പറഞ്ഞ ആരോഗ്യമന്ത്രിയും സി.പി.എമ്മും കേരളത്തോട് മാപ്പ് പറയണം. കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആരോഗ്യ മന്ത്രിക്കെതിരെ കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Content Highlights: Opposition leader VD Satheesan criticizes CPM for reversing its Sabarimala affidavit stance., Claims the government is changing its position due to fear of electoral backlash., Demands a public apology from the CPM for labeling the opposition as regressive., Questions the validity of backdoor appointments made by the cabinet., Accuses the Health Minister of spreading false information regarding KSU activists.