‘എന്താണിവിടെ നടക്കുന്നത്, ഇതിനേക്കാൾ വലിയ തമാശയുണ്ടോ?, ഖേൽക്കറാണോ UDFന് 102 സീറ്റ് മേടിച്ച് തന്നത്’

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി | രത്തൻ ഖേൽകർ | ചിത്രം: ശ്രീകേഷ് എസ്., മാതൃഭൂമി
വി.ഡി. സതീശൻ | ചിത്രം: സുധീർ മോഹൻ, മാതൃഭൂമി | രത്തൻ ഖേൽകർ | ചിത്രം: ശ്രീകേഷ് എസ്., മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തിരഞ്ഞെടുത്തിൽ എന്തിനാണ് വിവാദമെന്ന് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.ഇ.ഒയുടെ ജോലി കഴിഞ്ഞു. ബംഗാളിലെ വിഷയം വേറെയാണ്. കേരളത്തിൽ എസ്ഐആറിനെക്കുറിച്ച് പരാതികളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. നളിനി നെറ്റോയുടെ നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തിന്റെ വിശദീകരണം.

ഖേൽക്കർക്കെതിരേ എന്തെങ്കിലും ആരോപണം ഉണ്ടായിരുന്നോ? പിണറായി സർക്കാരാണ് ചീഫ് ഇലക്ട്രൽ ഓഫീസറായി അദ്ദേഹത്തെ ശുപാർശ ചെയ്തത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കർ ആണോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

വി.ഡി. സതീശൻ പറഞ്ഞത്:

എന്താണ് വിവാദത്തിന്റെ അടിസ്ഥാനം. അദ്ദേഹം സംസ്ഥാന സർവീസിൽ ഉള്ള ഉദ്യോഗസ്ഥനാണ്. സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നും തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ ആ ജോലി കഴിഞ്ഞു. അതോടെ ഔദ്യോഗിക ജീവിതം പിറ്റേ ദിവസം റിട്ടയർ ചെയ്യണോ? ഇതെന്താണ് ഇവിടെ നടക്കുന്ന ചർച്ച?

നളിനി നെറ്റോ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്നു. അതിന് ശേഷം ആഭ്യന്തരത്തിലേക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നു. ഇതിന് മുമ്പുള്ള എല്ലാവരും അവരുടെ ഔദ്യോഗിക കാര്യം കഴിഞ്ഞാൽ മറ്റു സ്ഥാനങ്ങളിലേക്ക് പോകും.

ബംഗാളുമായിട്ടാണ് ഖേൽക്കറുടെ നിയമനം താരതമ്യം ചെയ്യുന്നത്. എന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും സിപിഎമ്മും കോൺഗ്രസും ഗുരുതര ആരോപണമാണ് തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഉന്നയിച്ചത്. വ്യാപകമായ തോതിൽ എസ്ഐആറിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തെന്നാണ് ആരോപണം. അങ്ങനെ ഒരു പരാതി ഇവിടത്തെ ചീഫ് ഇലക്ട്രറൽ ഓഫീസർക്കെതിരേ സിപിഎമ്മോ ബിജെപിയോ ഉന്നയിച്ചിട്ടില്ല. സിപിഎം നേതൃത്വം കൊടുത്ത സർക്കാരാണ് അദ്ദേഹത്തെ ശുപാർശ ചെയ്തത്. പ്രതിപക്ഷ നേതാവായ ഞാനാണ് തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പരാതിഅദ്ദേഹത്തിന് നൽകിയത്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തിനെതിരേ പരാതി ഉന്നയിച്ചിട്ടില്ല.

രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്. എന്തൊരു തമാശയാണ് കേരളത്തിൽ നടക്കുന്നത്. പിണറായി സർക്കാർ പാനൽ കൊടുത്തതിൽ നിന്നാണ് ഖേൽക്കറെ ചീഫ് ഇലക്ട്രറൽ ഓഫീസറാക്കിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് യുഡിഎഫിന് 102 സീറ്റു മേടിച്ചു കൊടുക്കാനാണോ പിണറായി സർക്കാർ അദ്ദേഹത്തെ പാനലിൽ പെടുത്തിയത്? ഇതിനേക്കാൾ വലിയ തമാശയുണ്ടോ?- വി.ഡി. സതീശൻ പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചീഫ് വിപ്പായി അപു ജോസഫിനെ നിയമിച്ചു. അഡ്വ. കെ.സി. വിൻസന്റിനെ ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ച ടി. അസഫലിക്ക് ലോകായുക്തയുടെ സ്പെഷ്യൽ അറ്റോണിയുടെ അധിക ചുമതലയും നൽകി.

Content Highlights: VD Satheesan questions the basis of the controversy regarding Rathan Kelkar's appointment., Clarifies that Kelkar was recommended by the Pinarayi Vijayan government., Compares the situation with past appointments like Nalini Netto., Refutes allegations of electoral bias, noting no formal complaints were filed against Kelkar during his tenure.