'ഒരാൾ ചോദിച്ചു ഏത് ഡയറിയെന്ന്, മറ്റെയാൾ പറയുന്നു അതിൽ ഭാവി ബിസിനസ് വിവരങ്ങൾ ആണെന്ന്'- വിഡി സതീശൻ

തിരുവനന്തപുരം: ഇഡി സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ള ആരോപണങ്ങളും കുറ്റകൃത്യങ്ങളും തികച്ചും ഗൗരവതരവും ഗുരുതരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങളേക്കാൾ ഉപരി ഇതിന്റെ നിയമപരമായ വശങ്ങളാണ് പ്രധാനമായും പരിശോധിച്ചുവരുന്നത്. സംഭവത്തിൽ തികച്ചും സൂക്ഷ്മമായ നിയമപരിശോധന പുരോഗമിക്കുകയാണെന്നും, എത്രയും പെട്ടെന്ന് തന്നെ ഉചിതമായ തീരുമാനത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനും മുഹമ്മദ് റിയാസും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. ഏത് ഡയറിയെന്നും എന്ത് ഡയറിയെന്നുമാണ് ഒരാൾ ചോദിച്ചതെങ്കിൽ, ഭാവി ബിസിനസിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് മറ്റൊരാൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ തലയിലും വോട്ടർമാരുടെ തലയിലും മാത്രം കെട്ടിവെച്ച് യഥാർത്ഥ ഉത്തരവാദികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തോറ്റതെന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തത് നല്ല കാര്യമാണെന്നും ഇതിന് പിന്നിലുള്ളവർ തടിയൂരുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: VD Satheesan calls the allegations in the ED letter extremely serious and under strict legal review. Criticized Pinarayi Vijayan and Mohammed Riyas for making contradictory statements regarding the diary. Accused leaders of shifting the blame for election defeat onto MV Govindan and voters to escape accountability.