സലിംകുമാർ ആശുപത്രിയിൽ കിടക്കുമ്പോൾ ‘ചത്തുകൂടേ’ എന്ന് കമന്റ് വന്നു, ഇത് കേരളത്തിന് യോജിച്ചതല്ല- സതീശൻ

#ന്യൂസ് ഡെസ്ക്
സലിം കുമാർ, വി.ഡി. സതീശൻ | Photo: Mathrubhumi
സലിം കുമാർ, വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: മലയാളികളെ ഏറെ ചിരിപ്പിച്ച ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന അങ്ങേയറ്റം മോശമായ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ "ചത്തുകൂടെ" എന്നുള്ള ക്രൂരമായ ചോദ്യങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കലാകാരനെതിരെ ഇത്തരമൊരു പ്രചാരണം നടക്കാൻ അദ്ദേഹം ചെയ്ത തെറ്റെന്താണെന്നും ഇത് നമ്മുടെ കേരളത്തിന് യോജിച്ചതാണോ എന്നും സതീശൻ ചോദിച്ചു.

കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. സുഖമില്ലാതെ വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ അവരുടെ രാഷ്ട്രീയത്തിന്റെ പേരിൽ നടത്തുന്ന സൈബർ ആക്രമണം കേരളത്തിന് യോജിച്ചതല്ല. ഇത്തരം സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ഒരാൾ സുഖമില്ലാതെ കിടക്കുമ്പോൾ നടത്തുന്ന ഈ ക്രൂരതകൾ കേരളീയ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സെലിബ്രിറ്റികളുടെ മരണസമയത്ത് നവമാധ്യമ പ്രവർത്തകർ എന്ന പേരിൽ എത്തുന്നവർ കാട്ടുന്ന അതിക്രമങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. സലിംകുമാറിന്റെ വീട്ടിൽ കുടുംബാംഗങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻപോലും കഴിയാത്ത വിധം ഇവർ തിരക്ക് കൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും നിങ്ങൾ മാറിനിൽക്കണം, കർമ്മങ്ങൾ ചെയ്യാൻ കുടുംബത്തെ അനുവദിക്കണം എന്ന് പറഞ്ഞത് താനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: VD Satheesan slams cruel social media attacks against actor Salim Kumar during his illness.