മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണംനൽകിയത് ചിപ്സൺ ഏവിയേഷൻ; ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനി, ചെലവ് 19.88 ലക്ഷം

#ന്യൂസ് ഡെസ്ക്
ചിപ്‌സണ്‍ ഏവിയേഷന്‍ വിമാനത്തിന് പണം നല്‍കിയതിന്റെ ബില്ല്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി
ചിപ്‌സണ്‍ ഏവിയേഷന്‍ വിമാനത്തിന് പണം നല്‍കിയതിന്റെ ബില്ല്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ ചാർട്ടേർഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. ചിപ്സൺ ഏവിയേഷനാണ് ഇതിന്റെ ബില്ലടച്ചത് എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പറന്നിരുന്നത്. ചിപ്സൺ ഏവിയേഷൻ അടച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ. ഇതിന്റെ കരാർ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ഇത് പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് അവരുടെ സ്പോൺസർഷിപ്പിൽ മുഖ്യമന്ത്രി വിമാന യാത്ര നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ ചിപ്സൺ ഏവിയേഷൻ കമ്പനിയാണോ വിമാനയാത്രയ്ക്ക് പണം ചെലവിട്ടതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ചോദിച്ചിരുന്നു. ആര് പണം ചെലവിട്ടാലെന്ത് എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.

19,88,595 രൂപയാണ് വിമാനത്തിന്റെ ചാർജായി അടച്ചതെന്നാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ഇതിൽ 16,85,250 രൂപ വിമാനത്തിന്റെ ചാർജും 3,03,345 രൂപ ജിഎസ്ടിയുമാണ്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഗ്രൂപ്പ്.

ആവശ്യംവന്നാൽ സ്വകാര്യവ്യക്തികൾ സ്‌പോൺസർ ചെയ്യുന്ന വിമാനങ്ങളിൽ ഇനിയും യാത്രചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. അതിൽ ഒരു തെറ്റുമില്ല. മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇങ്ങനെ യാത്രചെയ്തിട്ടുണ്ട്. തന്റെ യാത്രകൾക്ക് സർക്കാരിന്റെ ഒരുപൈസപോലും ചെലവായിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം ന്യായീകരിക്കുകയുണ്ടായി.

മുതലാളിമാരുടെ സൗജന്യത്തിൽ യാത്ര നടത്തുന്നത് തുടരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Chipson Aviation paid the Rs 19,88,595 bill for CM VD Satheesan's chartered flight from Thiruvananthapuram to Malappuram., The flight belongs to Kelachandra Logistics, owned by the family of Karnataka minister K.J. George., CM VD Satheesan defended his travel, stating that past Chief Ministers also used sponsored flights and no government money was spent., CPM accused the Chief Minister's statement of being unconstitutional and a violation of oath.