'EP-യുടെ കുടുംബാംഗങ്ങളും നിരാമയ റിസോര്‍ട്ട് അധികൃതരും ഒന്നിച്ചുള്ള ചിത്രം കൈവശമുണ്ട്' -VD സതീശന്

ചെങ്ങന്നൂര്‍: എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എം. നേതാവുമായ ഇ.പി. ജയരാജനെതിരായ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ
രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റ്സും ഇ.പി. ജയരാജന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കാളിത്തമുള്ള വൈദേഹം ആയുര്‍വേദ റിസോര്‍ട്ടും തമ്മില്‍ മാനേജ്മെന്റ് കരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയരാജന്റെ കുടുംബാംഗങ്ങളും നിരാമയ റിസോര്‍ട്ടിന്റെ അധികൃതരും ഒന്നിച്ചുള്ള ചിത്രം കൈവശമുണ്ടെന്നും പ്രതിപക്ഷനേതാവ് ചെങ്ങന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ഇ.പി. ജയരാജന്റെ കുടുംബാങ്ങള്‍ക്ക് പങ്കാളിത്തമുള്ള വൈദേഹം ആയുര്‍വേദ റിസോര്‍ട്ടും തമ്മില്‍ മാനേജ്മെന്റ് കരാറുണ്ട്. അതിന് ബിസിനസ് പങ്കാളിത്തം എന്നും പറയും. ബി.ജെ.പി. നേതാവും കേരളത്തിലെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനും. അവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ട്. ഇത് രണ്ടുപേരും നിഷേധിച്ചിട്ടില്ല. അവര്‍ തമ്മില്‍ കണ്ടിട്ടില്ല എന്നാണ് പറയുന്നത്. അത് അപ്രസക്തമാണ്.' -സതീശന് പറഞ്ഞു.
'കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കേസ് കൊടുത്തോ. കേസ് കൊടുത്താല്‍ ഞാനതിന്റെ മുഴുവന്‍ തെളിവുകളും പുറത്തുവിടും. വേണമെങ്കില്‍ ജയരാജന് പറഞ്ഞാല്‍ ഇനിയും തെളിവുകള്‍ പുറത്തുവിടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിരാമയ റിസോര്‍ട്ടിന്റെ അധികാരികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം ഉള്‍പ്പെടെ ധാരാളം തെളിവുകള്‍ എന്റെ കൈവശമുണ്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ആ ചിത്രം ഇപ്പോള്‍ പുറത്തുവിടാത്തത്.' -വി.ഡി. സതീശന് വ്യക്തമാക്കി.
പണ്ട് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാര മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അതൊക്കെ കടന്ന് ഒരുമിച്ച് ബിസിനസ് നടത്താനുള്ള തലത്തിലേക്ക് ബന്ധം വളര്‍ന്നുവെന്നും സതീശന് പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി. ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്നും സതീശന് ആരോപിച്ചു.
'മുഖ്യമന്ത്രി തന്നെയാണ് എല്‍.ഡി.എഫ്. കണ്‍വീനറെ ഉപയോഗിച്ച് ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്. മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ ഭയമാണ്. മാസപ്പടി കേസും കരുവന്നൂര്‍ കേസും അടക്കം നിരവധി കേസുകളില്‍ ഇ.ഡിയുടെ ഉള്‍പ്പെടെ അന്വേഷണം നടക്കുകയാണ്. ലാവ്ലിന് കേസ് സുപ്രീം കോടതിയിലിരിക്കുന്നു. അതുകൊണ്ട് ബി.ജെ.പിയെ പ്രീണിപ്പിക്കാന്‍ ഇ.പി. ജയരാജനെ കൊണ്ട് ബി.ജെ.പി. അനുകൂല വര്‍ത്തമാനം പറയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. ജയരാജന് ഉപകരണം മാത്രമാണ്.' -വി.ഡി. സതീശന് പറഞ്ഞു.
'തിരുവനന്തപുരത്തെ ഉള്‍പ്പെടെ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ നല്ല സ്ഥാനാര്‍ഥികളാണെന്നാണ് ഇ.പി. ജയരാജന് പൊതുസമൂഹത്തോട് പറയുന്നത്. രണ്ടാമത് പറയുന്നത് ബി.ജെ.പി. നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരുമെന്നാണ്. അതിന്റയര്‍ത്ഥം ബി.ജെ.പി. കേരളത്തില്‍ എവിടെയൊക്കെ രണ്ടാം സ്ഥാനത്ത് വരുന്നോ അവിടെയൊക്കെ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ്. ഇടത് മുന്നണിയുടെ കണ്‍വീനര്‍ തന്നെയാണ് പറയുകയാണ് 'ഞങ്ങള്‍ അത്രയും സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പോകു'മെന്ന്.' -വി.ഡി. സതീശന് പറഞ്ഞു.
Content Highlights: VD Satheesan alleges again, EP Jayarajan's family has business partnership with Rajeev Chandrasekhar