‘എന്നെ നിരീക്ഷിക്കുന്നു, ഫോൺ ചോർത്തുന്നു’; തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ച് പറയാറുണ്ടെന്ന് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: പിടിഐ
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: പിടിഐ

തിരുവനന്തപുരം: തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നിരന്തരം നിരീക്ഷണത്തിലാണെന്നും ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ഫോണിൽകൂടി പലകാര്യങ്ങളും തെറ്റിച്ച് പറയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഭരണഘടനാദിന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

‘സ്റ്റേറ്റിന്റെ നിരീക്ഷണത്തിലാണ് എല്ലാവരും. സംസാരിക്കുമ്പോൾ, കാറിൽ കയറുമ്പോൾ, വീട്ടിലേക്ക് കയറുമ്പോൾ, മുറിയിൽ കയറുമ്പോൾ ഒക്കെ നമ്മൾ ആരുടെയോ നിരീക്ഷണത്തിലാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് ജോർജ്ജ് ഓർവെല്ലിന്റെ '1984' എന്ന പുസ്തകം വായിച്ച് ടെൻഷൻ ആയി. ഇപ്പോൾ എനിക്ക് ടെൻഷൻ ഇല്ല. ഞാൻ നിരീക്ഷണത്തിലാണെന്ന് എനിക്കറിയാം. ഒരു രഹസ്യവുമില്ല. എന്റെ ഫോൺവരെ ചോർത്തുന്നുണ്ടെന്ന് എനിക്ക് അറിയാം. ഞാൻ അതുകൊണ്ട് ചോർത്തുന്ന ആളെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടി കാര്യങ്ങൾ തെറ്റിച്ച് പറയും’, മുഖ്യമന്ത്രി പറഞ്ഞു.

ജോർജ്ജ് ഓർവെല്ലിന്റെ പുസ്തകം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കോളേജിൽ പഠിക്കുന്ന കാലത്ത് ജോർജ്ജ് ഓർവെല്ലിന്റെ '1984' എന്ന പുസ്തകം വായിച്ച് ഒരുമാസത്തോളം താൻ പിരിമുറുക്കത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നുവെന്നും ജനങ്ങളെ ഭരണകൂടം നിരീക്ഷണത്തിലാക്കുന്നതായിരുന്നു പുസ്തകത്തിന്റെ ഇതിവൃത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇപ്പോൾ തനിക്ക് ആ പേടി ഇല്ലെന്നും താൻ നിരീക്ഷണത്തിലാണെന്ന് അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തുടർന്നാണ് അദ്ദേഹം തന്റെ ഫോൺ ചോർത്തുന്നുവെന്ന കാര്യവും പറഞ്ഞത്.

അതേസമയം, ആരാണ് ഫോൺ ചോർത്തുന്നതെന്നോ തന്നെ നിരീക്ഷണത്തിലാക്കിയതെന്നോ ഉള്ള കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

Content Highlights: Chief Minister VD Satheesan claims his phone is being tapped., He stated that he is constantly under state surveillance., He deliberately provides misleading information on calls to confuse those tapping his phone., He referenced George Orwell's novel regarding government surveillance.