കര്‍ണപടം പൊട്ടി,നട്ടെല്ല് തകര്‍ന്നു പക്ഷെ യാചിച്ചില്ല, കരഞ്ഞില്ല;വാഴൂർ സോമൻ പിന്നെയും ചെങ്കൊടിയേന്തി

തൊടുപുഴ: 1981-86 കാലഘട്ടം. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനുള്ളിൽ ഒരു ചെറുപ്പക്കാരനെ പോലീസ് ലോക്കപ്പിലിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ചെയ്ത കുറ്റം- തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു, അവർക്കുവേണ്ടി പോരാടി. പക്ഷേ, കൈകൂപ്പി യാചിക്കാനോ കരയാനോ അയാൾ നിന്നില്ല. കർണപടം പൊട്ടുകയും നട്ടെല്ല് തകരുകയുംചെയ്ത ആ മർദനത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് വീണ്ടും തൊഴിലാളികളുടെ ശബ്ദമായി ആ ചെറുപ്പക്കാരൻ. പേര് -വാഴൂർ സോമൻ. പീരുമേട്ടിലെ തോട്ടം തൊഴിലാളി സമരങ്ങൾക്കൊപ്പം എന്നും വായിക്കപ്പെടുന്ന പേര്.
ജനകീയഭരണം വന്നെങ്കിലും പീരുമേട്ടിലെ തേയിലത്തോട്ടങ്ങൾ അടക്കിഭരിച്ചിരുന്നത് മുതലാളിമാരും അവരുടെ കൈയാളുകളുമായിരുന്നു. അവർക്ക് കാവലായി ചില പോലീസുകാരും ഗുണ്ടകളും. തൊഴിലാളികളെ മനുഷ്യരായിപ്പോലും കണക്കാക്കാൻ തയ്യാറാകാതിരുന്നവർ. ശബ്ദമില്ലാത്ത മനുഷ്യർക്കുവേണ്ടി ശബ്ദിക്കാൻ പാർട്ടി വിദ്യാർഥിരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന വാഴൂർ സോമനെയായിരുന്നു പാർട്ടി നിയോഗിച്ചത്.
വാഴൂരിൽനിന്ന് വണ്ടികയറി പീരുമേട്ടിലിറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല വാഴൂരിന്. എങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാൻ അദ്ദേഹം മറ്റ് സഖാക്കൾക്കൊപ്പം ഇറങ്ങി. മുൻ പീരുമേട് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സിഎ കുര്യനായിരുന്നു അവിടുത്തെ രാഷ്ട്രീയഗുരു. കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങളിൽ നടന്നെത്തി. പ്രശ്നങ്ങൾ കേട്ടു. ആത്മവിശ്വാസം നൽകി. പക്ഷേ, കായികമായ ഏറ്റുമുട്ടലുകളായിരുന്നു മുതലാളിമാരുടെ മറുപടി. അതിനെയും ചെറുത്തുതോൽപ്പിക്കാനുള്ള കരുത്ത് ആ യുവാവിനുണ്ടായിരുന്നു. ഇതിനിടെയാണ് ഐതിഹാസികമായ പച്ചക്കാനം സമരമുണ്ടായത്. കമ്പനി മുതലാളിമാർക്ക് വാഴൂർ സോമൻ നയിച്ച തൊഴിലാളികൾക്ക് മുമ്പിൽ മുട്ടുമടക്കേണ്ടിവന്നു. ഇതോടെ തൊഴിലാളി പ്രസ്ഥാനം കത്തിക്കയറി.
അന്നുമുതൽ അദ്ദേഹം കമ്പനിയുടെയും, ഗുണ്ടകളുടെയും പോലീസിന്റെയും കണ്ണിലെ കരടായി. അതിനിടയിലാണ് അരണക്കൽ എസ്റ്റേറ്റിലെ എവിടി കമ്പനിയിലെ തൊഴിൽസമരം വന്നത്. കമ്പനിക്കാർ തൊഴിലാളികളെ മർദ്ദിച്ചു. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത്.
തൊഴിലാളികളെ ഇറക്കിക്കൊണ്ടുവരാൻ മുണ്ടും മടക്കിക്കുത്തി വാഴൂർ സോമൻ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക്.
അദ്ദേഹത്തെ ഒതുക്കാൻ കാത്തിരുന്നവർക്കതൊരു അവസരമായിരുന്നു. വാറണ്ട് പോലുമില്ലാതെ അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നെ ക്രൂരമർദനം. ബോധമില്ലാതെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ വീണ്ടെടുക്കാൻ കുടുംബത്തിനും പാർട്ടിക്കാർക്കും പിന്നെയും ആശുപത്രികൾ പലത് കയറേണ്ടിവന്നു.
കോട്ടയം മുതൽ റഷ്യയിലെ മോസ്കോവരെ ചികിത്സനീണ്ടു. അദ്ദേഹത്തിന്റെ കൂന് അന്നേറ്റ മർദനത്തിന്റെ ബാക്കിപത്രമാണ്. എസ്ഐ രാഘവനാണ് അദ്ദേഹത്തെ മർദിച്ചത്. തിരികെയെത്തി പിന്നെയും വാഴൂർ സോമൻ ചെങ്കൊടിയേന്തി. തോട്ടം തൊഴിലാളികൾക്ക് ഒപ്പംനടന്നു. മരണംവരെ ആ നടത്തം തുടർന്നു.
Content Highlights: Story of Vazhoor Soman, a fearless labor leader who fought for tea estate workers` rights