91 മുതൽ പട്ടികയിൽ, മത്സരിക്കാനായത് 2021-ൽ; ആദ്യത്തെ തിരഞ്ഞെടുപ്പ് പരീക്ഷണത്തിൽ മിന്നും വിജയം

Photo : Special Arrangement
Photo : Special Arrangement

കുമളി: തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിക്കുന്നതിൽ വാഴൂർ സോമന്റെ അസാമാന്യമായ കഴിവ് പാർട്ടിക്കുള്ളിലും പുറത്തും പേരുകേട്ടതാണ്. പീരുമേട്ടിൽ 1977 മുതൽ സജീവമായ വാഴൂർ പ്രമുഖ സിപിഐ നേതാവും ട്രേഡ് യൂണിയൻ സംഘാടകനും നിയമ സഭാംഗവുമായിരുന്ന സി.എ. കുര്യൻ ഏഴ് നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച സന്ദർഭത്തിൽ തിരഞ്ഞെടുപ്പുകളുടെ ചുക്കാൻ വാഴൂർ സോമനിൽ ഭദ്രമായിരുന്നു. ഇ.എസ്. ബിജിമോൾ മൂന്നുതവണ പീരുമേട്ടിൽനിന്ന് മത്സരിച്ച് വിജയിച്ചപ്പോഴും വാഴൂരാണ് തന്ത്രങ്ങൾ ഒരുക്കിയത്.

തിരഞ്ഞെടുപ്പ് രംഗത്തോട് താത്പര്യമില്ലാതിരുന്ന വാഴൂർ സോമനെ 2005-ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ സ്ഥാനാർഥിയാക്കിയത് ജ്യേഷ്ഠതുല്യനെന്ന് അദ്ദേഹം വിളിച്ച കാനം രാജേന്ദ്രന്റെ വാക്കുകളാണ്. പാർട്ടി പ്രതിസന്ധിയിലൂടെ പോകുകയായിരുന്ന സമയമായതിനാൽ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിയാകാൻ പലരും വിസമ്മതിച്ചു. പാർട്ടി ഒരു പ്രതിസന്ധി നേരിടുമ്പോൾ ആ വെല്ലുവിളി ഏറ്റെടുത്ത് നടത്തുന്നവരാണ് യഥാർഥ കമ്യൂണിസ്‌റ്റെന്ന് കാനം വാഴൂരിനോട് പറഞ്ഞു. ആ വാക്കിൽ ജില്ലാപഞ്ചായത്തിലേക്ക് മറ്റൊന്നും ആലോചിക്കാതെ നാമനിർദേശപത്രിക നൽകി.

ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷത്തെ കൈവിട്ടപ്പോൾ ജില്ലാ പഞ്ചായത്തിൽ വിധി മറിച്ചായി. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഷാഹുൽ ഹമീദിനെ 3840 വോട്ടുകൾക്ക് പരാജയപ്പെടുത്തി വാഴൂർ സോമൻ തിരഞ്ഞെടുപ്പ് രംഗത്തെ തന്റെ കന്നിയങ്കത്തിൽത്തന്നെ വെന്നിക്കൊടി പാറിച്ചു. ജില്ലാപഞ്ചായത്ത് ഇടതുപക്ഷം പിടിച്ചെടുത്തപ്പോൾ വാഴൂർ സോമനെന്ന പേര് തോട്ടം മേഖലയിലെ ആളുകളുടെ ജനഹൃദയത്തിലേക്ക് ആഴത്തിലിറങ്ങി. ജില്ലാപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

പീരുമേട്ടിൽ എത്തിയത് വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായി

കോട്ടയം ജില്ലയിലെ വാഴൂരിൽനിന്ന് വാഴൂർ സോമൻ പീരുമേട്ടിൽ എത്തിയത് വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. 1974 ലാണ് എഐഎസ്എഫ് പ്രവർത്തനകാനായാണ് വാഴൂർ സോമൻ പീരുമേട്ടിലേക്ക് എത്തിയത്. പീരുമേട്ടിലെ അന്നത്തെ സിപിഐയുടെ ഒറ്റമുറി പാർട്ടി ഓഫീസിൽ താമസിച്ചായിരുന്നു സംഘടനാ പ്രവർത്തനം.

1978-ൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയന്റെ (എഐടിയുസി) ജനറൽ സെക്രട്ടറിയായി. നാൽപ്പതുവർഷം യൂണിയന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2018-ലാണ് സി.എ. കുര്യന്റെ പിൻഗാമിയായി യൂണിയന്റെ പ്രസിഡന്റായത്. രാത്രി ഏറെ വൈകിയും ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധനൽകിയ വാഴൂർ സോമൻ നോട്ടീസുകൾക്ക് അതത്‌ ദിവസംതന്നെ മറുപടി എഴുതി തയ്യാറാക്കിയിരുന്നു.

91 മുതൽ പട്ടികയിൽ; മത്സരിക്കാനായത് 2021-ൽ

1991-മുതലുള്ള അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ അവസാന സ്ഥാനാർഥിപ്പട്ടികയിൽ വാഴൂർ സോമൻ ഉൾപ്പെട്ടിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് പലപ്പോഴും മത്സരിക്കാൻ ആവാതെ വന്നത്. 1996, 2001 തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയഗുരുവായ സി.എ. കുര്യന് വേണ്ടിയാണ് മത്സരരംഗത്തുനിന്ന് മാറിയത്. 2006- മുതൽനടന്ന തിരഞ്ഞെടുപ്പുകളിൽ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി മാറിനിൽക്കേണ്ടിവന്നു. ഒടുവിൽ 2021-ൽ മണ്ഡലം കൈവിടാതിരിക്കാൻ മുതിർന്ന നേതാവായ വാഴൂരിന് നറുക്ക് വീഴുകയായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്താണ് സി.എ.കുര്യന്‍റെ വേർപാടുണ്ടായത്. വാഴൂരിന്റെ ജീവിതത്തിന്റെ ഓരോഘട്ടത്തിലും സി.എ. കുര്യന്റെ സാന്നിധ്യമുണ്ടായിരുന്നു. എഴുപതുകളിൽ പീരുമേട്ടിൽ എത്തി തൊഴിലാളികളെ സംഘടിപ്പിച്ചുതുടങ്ങിയപ്പോൾ മുതൽ മാർഗനിർദേശിയായി. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വാഴൂരിനൊപ്പം ഉണ്ടായിരുന്നു.

പീരുമേടിനൊപ്പം മൂന്നാറിലും ട്രേഡ് യുണിയൻ പ്രവർത്തനങ്ങൾ നടത്തി. ഒന്നിച്ചായിരുന്നു ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ. വിവാഹമടക്കമുള്ള ജീവിത വഴിത്തിരിവുകളിൽ സി.എ. കുര്യൻ ഒപ്പമുണ്ടായിരുന്നു.

Content Highlights: Vazhoor Soman, a prominent CPI leader is known for his exceptional election management