പായയിൽ പൊതിഞ്ഞ ആ വസ്തു എന്ത്? മൃതദേഹമോ, ദുരൂഹത; വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധിക്കും

ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹംപോലെ തോന്നിക്കുന്ന വസ്തു കണ്ടതിലെ ദുരൂഹത നീക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇടവകസമൂഹവും പള്ളിവികാരിയും ശാസ്ത്രീയ അന്വേഷണം നടത്തി വസ്തുത പുറത്തുക്കൊണ്ടുവരണമെന്ന് ആവർത്തിക്കുമ്പോൾ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ദുരൂഹത നീക്കാൻ പോലീസ് നടത്തിയ നീക്കങ്ങൾ അഴിയാക്കുരുക്കായി മാറുകയും ചെയ്തു. ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തോടും ബന്ധപ്പെട്ടവർ മുഖം തിരിഞ്ഞുനില്ക്കുന്നത് വിശ്വാസികളിലും പൊതുസമൂഹത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
കല്ലറയിലെ നമ്പർമാറ്റവും ദുരൂഹത നീക്കിയില്ല
:ഈ മാസം 13-നാണ് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം എന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. ദുരൂഹത തോന്നിയ പള്ളി അധികൃതർ അന്നുതന്നെ പോലീസിൽ വിവരമറിയിച്ചു. പള്ളി പുതുക്കിപ്പണിതപ്പോൾ കല്ലറയിലെ നമ്പറുകളിൽ മാറ്റം വരുത്തിയിരുന്നു. പള്ളിരേഖകൾ പരിശോധിച്ച് ഇതിൽ വ്യക്തത വരുത്തി.
പുതുക്കിപ്പണിതപ്പോൾ നേരത്തേയുണ്ടായിരുന്ന 23-ാം നമ്പർ കല്ലറ 38-ാം നമ്പർ കല്ലറയായി മാറിയതാണെന്ന് മനസ്സിലായി. ഇതിൽ അടക്കം ചെയ്ത രണ്ടുപേരുടെ ബന്ധുക്കളളെയും പോലീസ് കണ്ടെത്തി കല്ലറയിൽ സ്ഥിരീകരണം വരുത്തി. 2006, 2015 വർഷങ്ങളിൽ കല്ലറയിൽ രണ്ടുപേരെ സംസ്‌കരിച്ചിരുന്നതായും മനസ്സിലായി. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന നിലപാടിൽ പോലീസ് എത്തിയെങ്കിലും സംശയങ്ങൾ നീങ്ങിയില്ല.
പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ വസ്തു എന്ത്?
ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കാറില്ല. ഒരു സംസ്‌കാരം നടത്തിയ കല്ലറയിൽ വീണ്ടും സംസ്‌കാരം നടത്തുമ്പോൾ കല്ലറ വൃത്തിയാക്കി മണൽ ഉൾപ്പെടെയുള്ളവ നിരത്തി വെള്ളത്തുണി വിരിക്കും. 2006-ലും 2015-ലുമാണ് 38-ാം നമ്പർ കല്ലറയിൽ സംസ്‌കാരം നടന്നത്. 2006-ലെ മൃതദേഹത്തിന്റെ അവശിഷ്ടം കല്ലറയിൽ ഉണ്ടാകാൻ സാധ്യതയില്ല. 2015-ൽ സംസ്‌കരിച്ച മൃതദേഹത്തോടൊപ്പം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടതെന്ത് എന്നതിനെക്കുറിച്ചായി പിന്നീടുള്ള ചർച്ചകൾ. ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ ഇത് സംബന്ധിച്ച എല്ലാ ദുരൂഹതകളും നീക്കാൻ ശാസ്ത്രീയ അന്വേഷണം വെണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.
ദുരൂഹത കൂട്ടി ബന്ധുക്കളുടെ മൊഴി
38-ാം നമ്പർ കല്ലറയിൽ 2015-ൽ സംസ്‌കരിച്ച ജെയിംസ് കുമ്പുക്കലിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കിയതെന്ന് ബന്ധുക്കൾ പള്ളി വികാരിയെ അറിയിച്ചതോടെ പോലീസിന്റെ കണ്ടെത്തൽ അപ്രസക്തമായി. ജെയിംസിന്റെ സഹോദരിമാരായ മേരി, മിനി, മിനിയുടെ ഭർത്താവ് തങ്കച്ചൻ, മറ്റു ബന്ധുക്കൾ എന്നിവർ പള്ളിയിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ച ജെയിംസ് മൂന്നുവർഷത്തോളമായി ഭാര്യയുമായി പിണങ്ങി സഹോദരി മേരിക്കൊപ്പമായിരുന്നു താമസം. അസുഖബാധിതനായ ജെയിംസ് രക്തം ഛർദിച്ചാണ് മരിച്ചത്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയാണ് സംസ്‌കാര നടപടികൾക്കായി പള്ളിയിൽ എത്തിക്കുന്നത്.
ജെയിംസിന്റെ മൃതദേഹ സംസ്‌കാര നടപടിക്കെല്ലാം മേൽനോട്ടം വഹിച്ചത് സഹോദരി മേരിയുടെ ഭർത്താവാണ്. 38-ാം നമ്പർ കല്ലറ തുറന്ന് അറക്കപ്പൊടിയും മണലും നിരത്തി വെള്ളത്തുണി വിരിച്ചശേഷമാണ് സംസ്‌കരിച്ചത് എന്നുമാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്. മൃതദേഹം പള്ളിയിൽ എത്തിച്ചശേഷം മാത്രമാണ് പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യ സംസ്‌കാരചടങ്ങിൽ എത്തിയതെന്നും ഇവർക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ബന്ധുക്കൾ ഇടവകവികാരിയെ ധരിപ്പിച്ചിരിക്കുന്നത്. ഇതോടെ പോലീസ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വീണ്ടും കുഴഞ്ഞുമറിഞ്ഞു.
പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് പരിശോധിക്കും
അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്ത് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ കണ്ട പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈ.എസ്.പി. മോഹനചന്ദ്രൻ, കരിക്കോട്ടക്കരി ഇൻസ്‌പെക്ടർ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. നടപടി പൂർത്തിയാക്കി ഏറ്റവും അടുത്ത ദിവസം കല്ലറ തുറന്ന് പരിശോധിക്കും. ഇതിനായി ഡി.എം.ഒ., കളക്ടർ, എസ്.പി. എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ച ശേഷം കല്ലറ തുറക്കും.
കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതദേഹം ആണോ എന്ന് ഉറപ്പുവരുത്തണമെന്നാണ് ഇടവകയുടെ പൊതുതാത്പര്യമെന്ന് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ പോലീസിനെ അറിയിച്ചു. തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഉന്നതതലസംഘം സെമിത്തേരിയിൽ പരിശോധന നടത്തി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വാണിയപ്പാറയിൽ കാണാതായി എന്ന് സംശയിക്കുന്ന വിലാങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ ബന്ധുക്കൾ കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ചത് ചർച്ചയായിരുന്നു. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 38-ാം നമ്പർ കല്ലറയിൽ 2015-ൽ അടക്കിയ ജെയിംസിന്റെ ബന്ധുക്കൾ പള്ളിയിൽ എത്തി ഇടവക വികാരിയോട് സംസ്‌കാരസമയത്തെ കാര്യങ്ങൾ വിശദീകരിച്ചതും ദുരൂഹത വർധിപ്പിച്ചു. ജെയിംസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിറത്തി തുണി വിരിച്ചെന്നും പെട്ടിയിലാണ് സംസ്‌കരിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംസ്‌കാരസമയത്ത് മറ്റ് മൃതദേഹങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെയാണ് കല്ലറയിൽ കണ്ടെത്തിയ മൃതദേഹം പോലെ തോന്നിക്കുന്ന മൂന്നാമത്തെ വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയിരുന്നില്ല.
Content Highlights: Mysterious object wrapped in a mat found inside grave number 38., Church officials and relatives demand scientific investigation into the object