കല്ലറയിലെ പായയിൽപൊതിഞ്ഞ മൃതദേഹം ആലപ്പാട്ട് സ്വദേശിയുടേതെന്ന് കുടുംബം; ഡിഎൻഎ പരിശോധന വേണമെന്ന് ആവശ്യം

വിലങ്ങാട്: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം ഏഴ് വർഷം മുൻപ് കാണാതായ കോഴിക്കോട് വിലങ്ങാട് ആലപ്പാട്ട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന അവകാശവാദവുമായി ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സാഹചര്യത്തെളിവുകൾ വെച്ച് മൃതദേഹം സിജോയുടേതാകാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിൻ്റ സംശയം.
കുടുംബപ്രശ്നങ്ങളെ തുടർന്ന് 2014-ലാണ് സിജോ വാണിയപ്പാറയിലുള്ള തന്റെ ഭാര്യവീട്ടിലേക്ക് താമസം മാറുന്നത്. എന്നാൽ, 2020 മുതൽ സിജോയെ കാണാനില്ലെന്ന് ഭാര്യവീട്ടുകാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്ന സിജോ, ഒരു ദിവസം അങ്ങാടിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായും പിന്നീട് മടങ്ങിവന്നില്ലെന്നുമാണ് ഭാര്യവീട്ടുകാർ നൽകിയ വിശദീകരണം. അന്നുതന്നെ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും സിജോയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഭാര്യവീട്ടുകാരുടെ ഇടവക പള്ളിയിലെ സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെയാണ് ബന്ധുക്കളുടെ സംശയം വർധിച്ചത്. സാധാരണഗതിയിൽ വിശ്വാസപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ലെന്നത് സംശയമുണ്ടാക്കിയെന്ന് കുടുംബം പറയുന്നു.
അതേസമയം, അന്വേഷണത്തിൽ പള്ളി സെമിത്തേരിയിൽ അടക്കംചെയ്തവരെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ മറ്റൊരു സംസ്കാരത്തിനായി തുറന്നപ്പോഴാണ് ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തിയത്. പള്ളിയിലെ മരണ രജിസ്റ്ററിന്റെയും പോലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ഈ കല്ലറയിൽ 2006-ലും 2015-ലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതായി കണ്ടെത്തി. 2019-ൽ പള്ളി നവീകരിച്ചപ്പോൾ കല്ലറകളുടെ ക്രമനമ്പറുകളിൽ മാറ്റം വന്നതിനാൽ (പഴയ നമ്പർ 23) അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നേരിയ ആശയക്കുഴപ്പമുണ്ടായിരുന്നു. 2015-ൽ സംസ്കരിച്ച ജെയിംസ് എന്നയാളുടെ മൃതദേഹമാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ജെയിംസിന്റെ ഭാര്യ സെമിത്തേരിയിലെത്തി കല്ലറ തിരിച്ചറിഞ്ഞതോടെ സംശയം നീങ്ങിയെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, പായയിൽ പൊതിഞ്ഞ സംസ്കാര രീതിയിലെ ദുരൂഹത നീക്കാനും വിശ്വാസികൾക്കും ബന്ധുക്കൾക്കും തൃപ്തി വരുത്താനുമായി ഡിഎൻഎ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്.ഐ. എം.ജെ. ബെന്നി അറിയിച്ചു.
Content Highlights: Discovery of a body wrapped in a mat at Vaniyapparathattu church cemetery., Relatives suspect the remains belong to Sijo Scaria, missing since 2020., Police identify the body as James (buried in 2015), but doubts persist., Church authorities and family demand formal DNA testing to clear mystery., Official police investigation and FIR registration underway.