പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം; വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പോലീസ്

#ന്യൂസ് ഡെസ്ക്
മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ വസ്തു | Photo: screengrab/mathrubhumi news
മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ വസ്തു | Photo: screengrab/mathrubhumi news

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു വസ്തു കണ്ടെത്തി. നേരത്തെ സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പമാണ് പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു വസ്തു കണ്ടത്. ഇത് മൃതദേഹമാണെന്ന സംശയമുയർന്ന സാഹചര്യത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ഒരേ കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ല എന്നത്  ദുരൂഹതയുണ്ടാക്കിയെന്ന് ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. അതേസമയം, പള്ളി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചതെന്ന് വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ അറിയിച്ചു.

സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലറകളുടെ നമ്പറുകൾ മാറ്റിയപ്പോൾ സംഭവിച്ച പിഴവാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പായയിൽ പൊതിഞ്ഞത് മൃതദേഹം തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണത്തിൽ തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കിൽ, മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ദുരൂഹത നീക്കണമെന്നുമാണ് പള്ളി അധികൃതരുടെ നിലപാട്.

Content Highlights: Unexpected discovery of two remains in a single grave at Infant Jesus Church., Remains were found wrapped in a mat, raising suspicions regarding burial customs., Police suspect a potential error in grave numbering systems., Scientific examination planned if preliminary church inquiries remain inconclusive.