കേരളത്തിൻ്റെ പരിമിതികൾ വന്ദേഭാരതിൻ്റെ വേഗത്തെ ബാധിക്കുന്നു-ആർ.ഡി.എസ്.ഒ.

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI

ലഖ്‌നൗ: പാളങ്ങളുടെ വളവ് ഉൾപ്പെടെയുള്ള പരിമിതികൾ കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത്തെ ബാധിക്കുന്നതായി ലഖ്‌നൗ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ). ഈ പരിമിതികൂലം വേഗം കൂട്ടാൻ നിലവിൽ കഴിയില്ല. സ്ഥലം ഏറ്റെടുക്കുന്നതിലെ താമസവും റെയിൽവേ വികസനത്തെ ബാധിക്കുന്നുണ്ടെന്ന് ആർ.ഡി.എസ്.ഒ ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാന പറഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെത്തിയ മലയാളി മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ദൻസാന.

ശരാശരി 90 കിലോമീറ്റർ വേഗത്തിലാണ് കേരളത്തിൽ വന്ദേഭാരതുകൾ ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 140 കിലോമീറ്റർ വേഗത്തിലും. കേരളത്തിലെ റെയിൽവേ പാളങ്ങളിൽ ധാരാളം വളവുകളുണ്ട്. അതിനാൽ ഉയർന്ന വേഗത്തിൽ ട്രെയിൻ ഓടിക്കുന്നത് സുരക്ഷിതമല്ല. പാളങ്ങൾ നവീകരിച്ചും സിഗ്നലിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും ഭാവിയിൽ വേഗത കൂട്ടാൻ സാധിക്കും. അതിന് രാഷ്ട്രീയ തീരുമാനമാണ് വേണ്ടത്.- പ്രഭാസ് ദൻസാന പറഞ്ഞു.

ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ-വികസന വിഭാഗവും സാങ്കേതിക ഉപദേശക സമിതിയുമാണ് റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആർ.ഡി.എസ്.ഒ. റെയിൽവേ രൂപകല്പനകളുടെയും സാങ്കേതികവിദ്യകളുടെയും വികസനവും നവീകരണവുമാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. മാനദണ്ഡങ്ങളുടെയും സവിശേഷതകളുടെയും നിർണയം, പരിശോധനകൾ, സാങ്കേതിക അന്വേഷണങ്ങൾ നിർണായക സുരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന, സാങ്കേതിക വിദഗ്ധോപദേശക സേവനങ്ങൾ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന ചുമതലകൾ.

റെയിൽവേ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ഭാവി വെല്ലുവിളികൾ നേരിടാൻ സുസജ്ജവുമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേയുടെ അവിഭാജ്യ സാങ്കേതിക സ്ഥാപനമാണ് ആർ.ഡി.എസ്.ഒ എന്ന് ദൻസാന വിശദീകരിച്ചു. ഗവേഷണങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യൻ റെയിൽവേയുടെ സുസ്ഥിര ആധുനികവൽക്കരണത്തിന് ശക്തമായ അടിത്തറ നൽകുന്നുവെന്ന് ദൻസാന പറഞ്ഞു.

എയർ ബ്രേക്ക് ലബോറട്ടറി, ഫെറ്റിഗ് ലബോറട്ടറി, മെറ്റലർജി & കെമിക്കൽസ് ടെസ്റ്റിങ് ലബോറട്ടറി എന്നിവയും മാധ്യമ പ്രവർത്തകർ സന്ദർശിച്ചു. റെയിൽവേ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഗുണനിലവാര പരിശോധനയിലും മൂല്യനിർണയത്തിലും ലാബുകളുടെ പങ്കിനെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു.

Content Highlights: Vande Bharat trains run at an average speed of 90 km/h in Kerala due to track curves., Other states achieve an average speed of 140 km/h., Land acquisition delays also hinder railway development in the state., Track modernization and political decisions are required to increase future speed.