ഗണഗീതം വിവാദഗാനമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്; ‘സതീശന്റെ കോണ്‍ഗ്രസ്സ്’ അല്ലാത്തവരും ഉണ്ടെന്ന് സുരേന്ദ്രന്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍.എസ്. നുസൂര്‍. കുട്ടികള്‍ പാടിയത് വിവാദഗാനമല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ താനും ഈ ഗാനം പാടിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
''എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്. അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ.. ഗാനം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകള്‍ നേരുന്നു..'' എന്നായിരുന്നു നുസൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
പിന്നാലെ എന്‍.എസ്. നുസൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ബിജെപി നേതാവ് കെ. സുരേന്ദ്രനും പങ്കുവെച്ചു. 'എന്തായാലും സതീശന്റെ കോണ്ഗ്രസ്സല്ലാത്തവരുമുണ്ട്' എന്ന കുറിപ്പോടെയാണ് സുരേന്ദ്രന് എന്‍.എസ്. നുസൂറിന്റെ പോസ്റ്റ് പങ്കുവെച്ചത്.
വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ പ്രതികരണവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ഥികളെ ഉപയോഗിച്ച റെയില്‍വേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നാണ് വി.ഡി. സതീശന് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗണഗീതത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാവാണ് എന്‍.എസ്. നുസൂര്‍. ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റും ദേശീയ കോര്‍ഡിനേറ്ററുമായിരുന്നു.
Content Highlights: Youth Congress leader N.S. Nusoor supports students singing Ganageetham on Vande Bharat. Criticizes RSS appropriation of songs. Learn more about the controversy.